ദോഹ: വടക്കൻ സിറിയയിലെ ബാബ്ലിറ്റ് വാട്ടർ സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഖത്തർ ചാരിറ്റി പൂർത്തിയാക്കി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊപ്പം സ്റ്റേഷന്റെ പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ 5000 ഹെക്ടർ വരുന്ന കൃഷിഭൂമിക്ക് ജലമെത്തിക്കുന്ന വാട്ടർ സ്റ്റേഷനാണിത്. പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്നതിനും വടക്കൻ സിറിയയിലെ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെ പിന്തുണക്കുന്നതിനുമുള്ള ഖത്തർ ചാരിറ്റി ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.പ്രദേശത്തെ വരൾച്ചയും മറ്റു ജലസ്രോതസ്സുകളുടെ ദൗർലഭ്യവും ഈ വാട്ടർ സ്റ്റേഷന് കൂടുതൽ പ്രാധാന്യം നൽകുന്നു.
പ്രദേശത്തിന്റെ വരുമാന സ്രോതസ്സുകളിൽ 90 ശതമാനവും കാർഷിക മേഖലയിൽ നിന്നാണ്. കൃഷി പുനരുജ്ജീവിപ്പിക്കാനും ജീവിത സാഹചര്യം ഉയർത്താനുമെല്ലാം ഇത് വഴിയൊരുക്കും. സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവർത്തനത്തിലൂടെ സ്റ്റേഷന്റെ എല്ലാ ജലസേചന ചാനലുകളിലൂടെയും ഭാഗികമായെങ്കിലും ജലസേചനത്തിന് പ്രാപ്തമാക്കാൻ ഖത്തർ ചാരിറ്റിക്കായിട്ടുണ്ട്. 2012ലാണ് ബാബ്ലിറ്റ് വാട്ടർ സ്റ്റേഷൻ പ്രവർത്തനരഹിതമായത്.
സ്റ്റേഷൻ വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ വേനൽക്കാല വിളകൾ കൃഷി ചെയ്യാനും വർഷത്തിൽ ഒന്നിലധികം വിളവെടുപ്പ് സീസണ് സാക്ഷ്യം വഹിക്കാനും കർഷകരെ പ്രാപ്തമാക്കുന്നതോടൊപ്പം പ്രാദേശിക വിപണിയിൽ ഉൽപന്നങ്ങളുടെ വർധനക്കും പ്രധാന കാരണമാകും. മേഖലയിലെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണ് ഖത്തർ ചാരിറ്റിക്ക് കീഴിൽ പുനരുദ്ധാരണം പൂർത്തിയാക്കിയ വാട്ടർ സ്റ്റേഷനെന്ന് അലപ്പോയിലെ ചേംബർ ഓഫ് അഗ്രികൾചർ ഡയറക്ടർ ഗാസി അജീനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.