ധാക്ക: മ്യാന്മർ സേനയുടെ വംശഹത്യയിൽനിന്ന് ഓടിരക്ഷപ്പെട്ട് ബംഗ്ലദേശിൽ അഭയം തേടിയവർക്കു പിന്നാലെ വീണ്ടും പരീക്ഷണത്തിന്‍റെ നാളുകൾ. കോക്സ് ബസാറിൽ അഭയാർഥികൾ തിങ്ങിത്താമസിച്ച ക്യാമ്പുകളിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അഗ്നിബാധയാണ് ഏറ്റവുമൊടുവിൽ അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ഏഴു ലക്ഷം പേരാണ് കോക്സ് ബസാറിലെ ക്യാമ്പുകളിലുള്ളത്. പലഘട്ടങ്ങളിലായി അഗ്നിയെടുത്ത ഇവിടെ അവശേഷിച്ച ക്യാമ്പുകൾ കൂടി വെണ്ണീറായതോടെ ഇനിയെന്തു ചെയ്യുമെന്നതാണ് അഭയാർഥികൾ നേരിടുന്ന വലിയ ചോദ്യം.
ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിലുണ്ടായ അവസാനത്തെ അഗ്നിബാധയിൽ മാത്രം 15 പേർ വെന്തുമരിച്ചിട്ടുണ്ട്. നൂറുകണക്കിന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
വീടു നഷ്ടമായ പതിനായിരങ്ങൾ ഇനിയെന്തു ചെയ്യുമെന്നറിയാതെ കാത്തിരിക്കുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഉള്ളതെല്ലാം അഗ്നിയെടുത്തതോടെ അന്തിയുറങ്ങാൻ പോലും വഴിയടഞ്ഞ ദാരുണ അവസ്ഥ അവരെ തുറിച്ചുനോക്കുന്നു. ശക്തമായ കാറ്റും ചൂടുപിടിച്ച് പൊട്ടിത്തെറിച്ച ഗാസ് സിലിണ്ടറുകളും കൂടിയായതോടെ ക്യാമ്പുകളിലേറെയും അതിവേഗം നശിച്ചു. പകരം ബംഗ്ലദേശ് റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ സഹായത്തോടെ സ്ഥാപിച്ച 800 തമ്പുകളിൽ കുറെ പേർ അഭയം തേടിയിട്ടുണ്ട്.
വെള്ളിയാഴ്ചയോടെ കുറെ പേർ മുളയും ടാർപോളിനും സ്വന്തമാക്കി പഴയ താത്കാലിക വീടുകൾ വീണ്ടും നിർമാണം തുടങ്ങിയിട്ടുണ്ട്. സഹായവുമായി രാജ്യാന്തര സംഘടനകളും രംഗത്തുണ്ട്.
സുരക്ഷ സംവിധാനങ്ങൾ തീരെയില്ലാത്ത ക്യാമ്പുകളിൽ അഗ്നി പടരുക അതിവേഗമാണ്. സുരക്ഷാസേനക്ക് അവശ്യ സേവനങ്ങളുമായി എത്തുക പ്രയാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.