ജനങ്ങൾക്ക് ആയുധം നൽകും; ആരും സഹായിച്ചില്ലെന്ന് യുക്രൈയിൻ പ്രസിഡൻറ്

റഷ്യൻ സൈന്യം കിയവ് വളയാൻ തയാറെടുത്തിരിക്കെ, രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങൾക്ക് ആയുധം നൽകുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. 'രാജ്യത്തെ പ്രതിരോധിക്കാൻ ഒരുക്കമുള്ള ആർക്കും ഞങ്ങൾ ആയുധം നൽകും. നമ്മുടെ തെരുവുകളിൽ യുക്രെയിനിന് പിന്തുണ നൽകാൻ തയാറെടുക്കുക' -സെലെൻസ്കി ട്വീറ്റ് ചെയ്തു.

പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രെയിൻ പ്രസിന്റ് നേരത്തെ നിർദേശിച്ചിരുന്നു. യുദ്ധം രൂക്ഷമായ യുക്രെയിന്‍ നഗരങ്ങളില്‍ നിന്ന് പലായനം ആരംഭിച്ചിട്ടുണ്ട്. കൂട്ടപലായനം നേരിടാൻ യൂറോപ്യൻ രാജ്യങ്ങൾ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

നിലവില്‍ യുക്രെയിനിന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യന്‍ ആക്രമണം നേരിടുകയാണ്. കിയവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം നീങ്ങുന്നതായാണ് വിവരം. ഏത് സമയവും യുക്രെയിന്‍ തലസ്ഥാനം റഷ്യ കീഴടക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 137 ആളുകള്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നാറ്റോ സഖ്യരാജ്യങ്ങളോട് യുക്രൈന്‍ സഹായം തേടിയിരുന്നുവെന്നും എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു. യുദ്ധമുഖത്ത് ഒറ്റക്കാണെന്നും മറ്റു രാജ്യങ്ങൾക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. സാമ്പത്തിക ഉപരോധങ്ങളിലൂടെ റഷ്യയെ ഒറ്റപ്പെടുത്തുമെന്നാണ് ബൈഡൻ പറഞ്ഞത്. റഷ്യ യുക്രെയിനെ ആക്രമിച്ചാൽ ഇടപെടുമെന്ന വാഗ്ദാനത്തിൽ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും പിന്നോട്ട് പോകുകയായിരുന്നു.

Full View

അവസാന പ്രതിരോധ മാർഗമെന്ന നിലയിലാണ് ജനങ്ങള്‍ക്ക്‌ ആയുധം നല്‍കുന്നതുള്‍പ്പടെയുള്ള നീക്കങ്ങൾക്ക് യുക്രെയിനെ പ്രേരിപ്പിച്ചത്. സഖ്യകക്ഷികള്‍ക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. 


Tags:    
News Summary - We will give weapons to anyone, says Ukraine president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.