‘ബന്ദികൾ നിങ്ങളുടെ മക്കളായിരുന്നെങ്കിലോ?’ -നെതന്യാഹുവിനോട് മോചിതയായ ബന്ദി

തെൽഅവീവ്: “അവർ (ബന്ദികൾ) നിങ്ങളുടെ കുട്ടികളോ നിങ്ങളുടെ മാതാപിതാക്കളോ ആയിരുന്നെങ്കിൽ എന്തായിരുന്നു നിങ്ങൾ ചെയ്യുക? ഇത് പ്രധാനമന്ത്രിയും മന്ത്രിമാരും പ്രവർത്തിക്കേണ്ട നിമിഷമാണ്. ബന്ദികളുടെ കഷ്ടപ്പാട് അവസാനിപ്പിക്കാൻ ലഭിച്ച അവസരം ഉപയോഗിക്കണം. ഇപ്പോൾ മോചിപ്പിച്ചില്ലെങ്കിൽ, അടുത്ത അവസരം എപ്പോഴാണ് കിട്ടുകയെന്ന് ആർക്കറിയാം?’ -ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട്, മോറൻ സ്റ്റെല യാനായി (40) എന്ന മുൻ ബന്ദിയുടെ ചോദ്യമാണിത്. ഇനി ബന്ദിമോചന ചർച്ചകൾക്കായി കെയ്‌റോയിലേക്ക് ഇസ്രായേൽ പ്രതിനിധിയെ അയക്കുന്നില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയ സാഹചര്യത്തിലാണ് മോറൻ രംഗത്തെത്തിയത്.

ബന്ദികളെ മോചിപ്പിക്കാനുള്ള സന്ധി സംഭാഷണത്തിൽനിന്ന് പിന്മാറിയ നെതന്യാഹു സർക്കാറിന്റെ നിലപാടിനെതിരെ ബന്ദികളുടെ ബന്ധുക്കൾ നടത്തിയ പ്രതിഷേധ പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. യുദ്ധം അവസാനിപ്പിച്ച് മുഴുവൻ ഫലസ്തീനി തടവുകാരെയും വിട്ടയച്ചാൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാം എന്ന ഹമാസിന്റെ ഉപാധി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് നെതന്യാഹു സർക്കാർ ചർച്ചയിൽ നിന്ന് പിന്മാറിയത്.

ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നിവരുടെ മധ്യസ്തതയിൽ കെയ്‌റോയിൽ നടക്കുന്ന ചർച്ചക്ക് തങ്ങളില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹമാസിന്റെ ഉപാധികൾ അംഗീകരിച്ച് ബന്ദികളുടെ മോചനം സാധ്യമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരിൽ ഒരാളായിരുന്നു മോറൻ സ്റ്റെല യാനായി. ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചതിന് പകരമായി നവംബർ അവസാനവാരമാണ് ഇവരെ ഹമാസ് വിട്ടയച്ചത്. ഗസ്സയിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട്​ മോറൻ ആവശ്യപ്പെടുന്നു.

‘ഞാൻ ബന്ദിയായ 54 ദിവസം നരകതുല്യമായ വർഷങ്ങൾ പോലെയാണ് അനുഭവപ്പെട്ടത്. എല്ലാ പ്രതീക്ഷകളും നഷ്‌ടപ്പെട്ടിരുന്നു. തടവിൽ കഴിഞ്ഞപ്പോഴുള്ള ഭയവും ഭീകരതയും ഞാൻ ഇപ്പോഴും ഓർക്കുന്നു. നരകത്തിലൂടെയാണ് കടന്നുപോയത്. ഇപ്പോഴും ബന്ദികളായി തുടരുന്ന നമ്മുടെ സഹോദരങ്ങളും കുട്ടികളും മാതാപിതാക്കളും ഭക്ഷണം, വെള്ളം, ഉറക്കം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാവാതെ നരകയാതനയാണ് അനുഭവിക്കുന്നത്’ -മോറൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഇപ്പോഴും ബന്ദികളായി കഴിയുന്നവരെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ ബന്ധനത്തിൽ കഴിഞ്ഞതിന്റെ ഇരട്ടിയിലേറെ ദിവസമായി അവർ തടവിലാണ്. നമ്മുടെ കുട്ടികളും മാതാപിതാക്കളുമാണ് അവർ. ഇന്ന് അവരാണെങ്കിൽ നാളെ അത് നിങ്ങളിൽ ആരുമാകാം’ -മോറൻ പറഞ്ഞു. ബന്ദികളെ കുറിച്ച്, പ്രത്യേകിച്ച് അവരിലെ സ്ത്രീകളെ കുറിച്ച് താൻ നിരന്തരം ചിന്തിക്കുകയാണെന്ന് അവർ പറഞ്ഞു.

ഇപ്പോൾ പ്രവർത്തിച്ചുകാണിക്കാനുള്ള സമയമാണെന്നും ബന്ദികളെ ദയവായി അവരുടെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നെതന്യാഹുവിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് മോറൻ ആവശ്യപ്പെട്ടു.

Tags:    
News Summary - ‘What if they were your kids?’: Freed hostage pleads with PM to secure release of remaining abductees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.