ആ വിമാനം എവിടെ? മലേഷ്യൻ വിമാനം കാണാതായിട്ട് നാളേക്ക് 10 വർഷം

ക്വാലാലംപുർ: 10 വർഷം മുമ്പൊരു നാൾ മലേഷ്യൻ തലസ്ഥാനനഗരത്തിൽനിന്ന് ബെയ്ജിങ്ങിലേക്ക് 239 പേരെ വഹിച്ച് പറന്നുയർന്ന വിമാനം എവിടെ? ലോകം ഒന്നിച്ചുനിന്ന് കോടികൾ ചെലവിട്ട് തിരച്ചിൽ തുടർന്നിട്ടും സമീപകാലത്തെ എം.എച്ച് 370 വിമാനം ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ്.

2014 മാർച്ച് എട്ടിനാണ് ഒരു അടയാളവും ബാക്കിവെക്കാതെ വിമാനം അപ്രത്യക്ഷമായത്. ലഭ്യമായ തെളിവുകൾവെച്ച് ഇന്ത്യൻ സമുദ്രത്തിന്റെ തെക്കേയറ്റത്ത് പതിച്ചെന്ന നിഗമനത്തിൽ തിരച്ചിൽ കുറെ നടത്തിയെങ്കിലും ഒടുവിൽ നിർത്തി. ഒരു മൃതദേഹമോ വിമാനാവശിഷ്ടമോ കണ്ടെത്താനാകാതെ പോയതാണ് ഏറ്റവും വലിയ അത്ഭുതമായത്. മലേഷ്യൻ അതിർത്തി പിന്നിട്ട് വിയറ്റ്നാം വ്യോമാതിർത്തിയിലേക്കു കടക്കുന്നുവെന്ന് പൈലറ്റ് അയച്ച സന്ദേശമായിരുന്നു അവസാനത്തേത്. മിനിറ്റുകൾ കഴിഞ്ഞ് വിമാനത്തിന്റെ ട്രാൻസ്പോണ്ടറുകൾ പണിമുടക്കി. വിമാനം തിരിച്ചുപറന്നതായി സൈനിക റഡാറുകൾ തിരിച്ചറിഞ്ഞു.

മണിക്കൂറുകൾ പിന്നെയും പറന്നതായി റഡാറുകളിൽ തെളിഞ്ഞു. ഇന്ധനം തീർന്ന് കടലിലെവിടെയോ വീണെന്നുറപ്പ്. വിമാനവും കൺട്രോൾ നിലയങ്ങളും തമ്മിലെ ബന്ധം ബോധപൂർവം വിച്ഛേദിച്ച് വിമാനം കടലിലേക്ക് പറത്തിയത് ആരാകുമെന്നാണ് ഇനിയും അന്വേഷകരെ കുഴക്കുന്നത്. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് അകത്തുണ്ടായിരുന്നത്. ഏറെ പേരും ചൈനക്കാർ. യു.എസ്, ഇറാൻ അടക്കം മറ്റു രാജ്യക്കാരുമുണ്ടായിരുന്നു. ഇവരിൽ ആര് അതിക്രമം നടത്തിയെന്നതാണ് പ്രശ്നം. 1,20,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ നടത്തിയ തിരച്ചിലിലും ഒന്നും ലഭിച്ചിട്ടില്ല. വിമാനങ്ങളും കപ്പലുകളും അന്തർവാഹിനികളും പങ്കാളികളായി. അവശിഷ്ടങ്ങളിൽ ചിലതെന്ന് സംശയിക്കുന്നവ പിന്നീട് ആഫ്രിക്കയിലടക്കം കണ്ടെത്തി. 2017ൽ അന്വേഷണം അവസാനിപ്പിച്ചു.

Tags:    
News Summary - Where is that plane? It will be 10 years since the Malaysian plane went missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.