തെൽഅവീവ്: 202 ദിവസം പിന്നിട്ടിട്ടും ബന്ദികളെ മോചിപ്പിക്കാൻ ഒന്നും ചെയ്യാത്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് ഗസ്സയിൽ ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ -അമേരിക്കൻ പൗരൻ ഹെർഷ് ഗോൾഡ്‌ബെർഗ്. നെതന്യാഹുവും മന്ത്രിമാരും കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് അവധിക്കാലം ആഘോഷിക്കുമ്പോൾ ഇവിടെ നരകത്തിൽ കഴിയുന്ന ബന്ദികളായ ഞങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ഹെർഷ് ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് ഹെർഷിന്റെ മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഹമാസ് പുറത്തുവിട്ടത്. ഇതോടെ ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ നടക്കുന്ന പ്രക്ഷോഭം ശക്തിയാർജിച്ചു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വീടിന് സമീപം ബന്ദികളുടെ ബന്ധുക്കളും പൊതുജനങ്ങളും സംഘടിചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. ബന്ദികളെ തിരിച്ചെത്തിക്കാനുള്ള കരാറിൽ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
ഒക്ടോബർ ഏഴിനാണ് 23-കാരനായ ഹെർഷ് ഗോൾഡ്‌ബെർഗിനെ ഹമാസ് പിടികൂടിയത്. ഇസ്രായേൽ വർഷങ്ങളായി അന്യായമായി തടവിലാക്കിയ പതിനായിരക്കണക്കിന് ഫലസ്തീനികളെ വിട്ടയച്ചാൽ മുഴുവൻ ബന്ദികളെയും മോചിപ്പിക്കാമെന്നാണ് ഹമാസ് പറയുന്നത്. എന്നാൽ, ഇസ്രായേൽ ഈ ഒത്തുതീർപ്പിന് ഇതുവരെ വഴങ്ങിയിട്ടില്ല.
ഒരു കൈപ്പത്തി മുറിഞ്ഞ നിലയിലാണ് ഹെർഷ് ഗോൾഡ്‌ബെർഗിനെ വിഡിയോയിൽ കാണുന്നത്. ബന്ദിമോചനത്തിന് വഴങ്ങണമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്നും നെതന്യാഹുവിനോട് ഇയാൾ ആവശ്യപ്പെട്ടു. “വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, സൂര്യപ്രകാശമില്ലാതെ, ആവശ്യമായ വൈദ്യസഹായം പോലുമില്ലാതെ 200 ദിവസമായി ഭൂമിക്കടിയിൽ കഴിയുകയാണ് ഞങ്ങൾ. എത്രയും വേഗം വീട്ടിലേക്ക് മടങ്ങാൻ ബന്ധുക്കൾ എനിക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ഞാനും ബന്ദികളാക്കിയവരിൽ ഓരോരുത്തരും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നതുവരെ നിങ്ങൾ ശക്തമായി നിലകൊള്ളണം, പോരാട്ടം നിർത്തരുത്’ -ഹെർഷ് ഗോൾഡ്‌ബെർഗ് ആവശ്യപ്പെട്ടു.
ഞങ്ങൾ നിന്നെ സ്നേഹിക്കുന്നുവെന്നും ശക്തനും ധീരനുമായിരിക്കണമെന്നും അതിജീവിക്കണമെന്നും വിഡിയോ കണ്ട ഹെർഷിന്റെ മാതാപിതാക്കളായ റേച്ചൽ ഗോൾഡ്‌ബെർഗും ജോൺ പോളും ആവശ്യപ്പെട്ടു. സന്ധിസംഭാഷണത്തിൽ മധ്യസ്ഥരായ ഖത്തർ, യു.എസ്, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളോടും ഹമാസിനോടും ഇസ്രായേലിനോടും ബന്ദിമോചനത്തിന് ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ഹെർഷിൻ്റെ നിലവിളി എല്ലാ ബന്ദികളുടെ കൂട്ട നിലവിളിയാണെന്ന് ബന്ദിമോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന അഭിപ്രായപ്പെട്ടു.
‘അവരുടെ സമയം അതിവേഗം തീർന്നുകൊണ്ടിരിക്കുന്നു. ഇനി സമയം കളയാൻ ഞങ്ങൾക്ക് കഴിയില്ല, ബന്ദികൾക്കായിരിക്കണം മുൻഗണന. എല്ലാ ബന്ദികളേയും വീട്ടിലേക്ക് കൊണ്ടുവരണം’ -അവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.