ബെർലിൻ: കോവിഡ് മഹാമാരിയിൽനിന്ന് കരകയറാനുള്ള പ്രധാനമാർഗം ദരിദ്ര്യ രാജ്യങ്ങളിൽ ഉൾപ്പെടെ വാക്സിൻ എത്തിച്ചുനൽകുകയെന്നതാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രൊഡോസ് അദാനോം ഗെബ്രിയേസസ്. വാക്സിൻ വികസിപ്പിക്കുന്ന രാജ്യങ്ങൾ സ്വന്തം രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ ആദ്യം എത്തിക്കാൻ ശ്രമിക്കും. എന്നാൽ ഒരു രാജ്യത്തെ എല്ലാവർക്കും വാക്സിൻ എത്തിക്കാനാകരുത് ശ്രമം. പകരം എല്ലാ രാജ്യത്തെയും ചിലർക്ക് വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ദേശീയത മഹാമാരിയെ വർധിപ്പിക്കും. ഒരിക്കലും ചുരുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെർലിനിൽ നടക്കുന്ന മൂന്നുദിവസത്തെ ലോക ആരോഗ്യ സമ്മിറ്റിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുലക്ഷത്തിലധികംപേരെ കൊലപ്പെടുത്തിയ കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കുന്ന തിരക്കിലാണ്. നിരവധി വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു. പത്തോളം വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണമായ മനുഷ്യരിൽ പരീക്ഷണം നടത്തികൊണ്ടിരിക്കുന്നു.
യൂറോപ്യൻ യൂനിയൻ, യു.എസ്, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വിജയിക്കുമെന്ന് വിശ്വാസമുള്ള വാക്സിൻ നിർമിക്കുന്ന കമ്പനികളുമായി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. എന്നാൽ വികസ്വര, ദരിദ്ര്യ രാജ്യങ്ങൾ പട്ടികയിൽനിന്ന് പുറംതള്ളപ്പെടുന്നു.
എല്ലാവരിലേക്കും വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവാക്സ് എന്ന പദ്ധതി രൂപവത്കരിച്ചു. അതിലേക്ക് ഫണ്ട് കണ്ടെത്താനായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിക്ക രാജ്യങ്ങളിലും കോവിഡിെൻറ രണ്ടാം വരവ് തുടങ്ങികഴിഞ്ഞു. തുടർച്ചയായ മൂന്നാമത്തെ ദിവസം റെക്കോർഡ് കോവിഡ് നിരക്ക് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച മാത്രം 4,65,319 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ പകുതിയും യൂറോപ്യൻ രാജ്യങ്ങളിലാണ്. ഇവിടങ്ങളിൽ അപകടകരമായ അളവിലാണ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.