ഗസ്സ: അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഗസ്സയിൽ ഇസ്രായേൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും അൽ ശിഫ ആശുപത്രിയിൽ ആശങ്ക തുടരുകയാണ്. ആശുപത്രിയിൽ കഴിയുന്ന 100ഓളം രോഗികളുടെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. ആശുപത്രിയിലുള്ള പരമാവധി രോഗികളെ ഒഴിപ്പിച്ചുവെങ്കിലും 100 പേരെ ഇപ്പോഴും അവിടെ നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല. ഇവരുടെ കാര്യത്തിലാണ് ആശങ്ക തുടരുന്നത്.
അൽ ശിഫയിൽ തുടരുന്ന രോഗികളുടെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രി ഡയറക്ടറെ ഉൾപ്പടെ ഇസ്രായേൽ പിടികൂടിയ സാഹചര്യത്തിൽ രോഗികളുടെ അവസ്ഥ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. ബുധനാഴ്ച സാഹസിക ദൗത്യത്തിലൂടെ അൽ-ശിഫയിലുള്ള 151 രോഗികളെ കൂടി ലോകാരോഗ്യ സംഘടന മാറ്റിയിരുന്നു.20 മണിക്കൂറെടുത്താണ് യു.എൻ ഏജൻസി രക്ഷാദൗത്യം പൂർത്തിയാക്കിയത്. ഇസ്രായേൽ മിലിറ്ററിയുടെ ചെക്ക് പോയിന്റിൽ മാത്രം അവർക്ക് ആറ് മണിക്കൂർ കാത്തുനിൽക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്ത ആറ് ആരോഗ്യപ്രവർത്തകരിൽ രണ്ട് പേരെ മോചിപ്പിച്ചിട്ടുണ്ട്. എന്നാൽ, അൽ ശിഫ ഡയറക്ടർ ഉൾപ്പടെ മറ്റ് നാല് പേരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ലോകാരോഗ്യ സംഘടന ഇവരുടെ മോചനത്തിനായി സാധ്യമായ വഴികളെല്ലാം നോക്കുന്നുണ്ടെന്നാണ് വിവരം. അൽ-ശിഫ ഡയറക്ടർ മുഹമ്മദ് അബു സൽമിയയെ കസ്റ്റഡിയിലെടുത്ത വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കസ്റ്റഡി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അവർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.