ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളിക്കും ജയിലിൽവെച്ച് വിവാഹം കഴിക്കാൻ അനുമതി. ബെൽമാരിഷ് ജയിലിലാണ് ഇവരുടെ വിവാഹം നടക്കുക.
2019 മുതൽ ജയിലിൽ കഴിയുകയാണ് ഇദ്ദേഹം. അസാൻജിനെ വിട്ടുകിട്ടാൻ യു.എസ് നടപടിക്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ബ്രിട്ടൺ തടവിലാക്കിയത്.
പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന് അനുമതി നൽകുകയായിരുന്നു.
ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അസാൻജ് താമസിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവർക്ക് രണ്ടുകുട്ടികളുണ്ട്. 1983ലെ വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക് ജയിലിൽവെച്ച് വിവാഹം കഴിക്കാൻ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ഗവർണർമാരായിരിക്കും.
ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തന്‍റെ അഭിഭാഷകരിൽ ഒരാളായ സ്റ്റെല്ലയുമായി രഹസ്യബന്ധം സൂക്ഷിക്കുകയായിരുന്നു. ഇരുവർക്കും കുട്ടികൾ പിറന്ന വാർത്ത പിന്നീട് വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ടു. അസാൻജുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങൾ സ്റ്റെല്ല തന്നെയാണ് പുറത്തുവിട്ടതും.
ചാരവൃത്തി ആരോപിച്ചാണ് അമേരിക്ക ജൂലിയൻ അസാൻജിനെതിരെ കേസെടുത്തത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തി എന്നതാണ് അസാൻജിനെതിരെ അമേരിക്ക ചുമത്തിയ കുറ്റം. അസാൻജ് പുറത്തുവിട്ട രേഖകൾ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.
യു.എസ് കേസെടുത്തതോടെ 2021ൽ അസാൻജ് ഇക്വഡോറിൽ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ചാരവൃത്തി ആരോപിച്ച് ബ്രിട്ടൺ കസ്റ്റഡിയിലെടുത്ത് ജയിലിൽ അടച്ചു. അസാൻജിനെ യു.എസിലേക്ക് നാടുകടത്തരുതെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.