ഗ്വാട്ടിമാല സിറ്റി: ശ്വാസംമുട്ടി വീണ് ഗുരുതരാവസ്ഥയിലായി മരണ വക്കിൽനിന്ന് തിരിച്ചെത്തിയ 24കാരിയുടെ അവകാശവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താൻ ദൈവത്തെ കണ്ടുവെന്നും സ്വർഗത്തിൽ വിരുന്നിൽ പങ്കെടുത്തെന്നും ഗ്വാട്ടിമാലയിലെ മരിയാന്ദ്രീ കർഡെനാസ് എന്ന യുവതി പറയുന്നതായി 'വാട്ട്സ് ദ ജാം' റിപ്പോർട്ട് ചെയ്യുന്നു.
ഒരു ദിവസം വീട്ടിൽ ജോലിക്കിടെ തൊണ്ട അടയുകയും ശ്വാസംമുട്ടുകയും ചെയ്യുന്നതായി മരിയാന്ദ്രീക്ക് അനുഭവപ്പെടുകയായിരുന്നു. കുട്ടിക്കാലം മുതൽ ആസ്ത്മ പ്രശ്നങ്ങൾ അനുഭവിക്കുന്ന യുവതിയെ ഗുരുതരാവസ്ഥയിലാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. യുവതി കോമയിലാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടുകാരുടെ പ്രാർത്ഥനകൾക്കിടെ മൂന്നു ദിവസത്തിനുശേഷം അവൾ കണ്ണ് തുറന്നു. പൂർണമായ ബോധത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ഇതോടെയാണ് 24കാരി താൻ സ്വർഗത്തിൽ പോയെന്നും ദൈവത്തെ കണ്ടുവെന്നും അവകാശപ്പെട്ടു. അവളുടെ വാക്കുകൾ: ‘നഴ്‌സോ ഡോക്ടറോ എന്തോ പറയുന്നതാണ് ഞാൻ അവസാനമായി കേട്ടത്. ഒന്ന് മിഴി ചിമ്മി തുറക്കുന്ന വേഗത്തിൽ ഭൂമിയിൽനിന്നും ഞാൻ മറ്റെവിടെയോ എത്തപ്പെട്ടു. വളരെ വെളിച്ചം നിറഞ്ഞ സ്ഥലമായിരുന്നു അത്. പക്ഷേ, സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ഒന്നും കാണാനായില്ല. നീണ്ട മേശയായിരുന്നു എന്‍റെ മുന്നിൽ. ഇതുവരെ കണ്ടിട്ടില്ലാത്ത ഭക്ഷണം അതിൽ നിറഞ്ഞിരുന്നു. മനുഷ്യ ശരീരമില്ലാത്ത പ്രകാശത്താലുള്ള ആളുകൾ മേശക്ക് ചുറ്റും നിരന്നു. അവർ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു, ശബ്ദത്തിലൂടെയല്ല മനസ്സിലൂടെയായിരുന്നു ആശയവിനിമയം. മുൻകാല ജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഭൂമിയെക്കുറിച്ചോ എനിക്ക് ഓർമ്മ വന്നില്ല. അവരോടെല്ലാം എനിക്ക് വലിയ സ്നേഹം തോന്നി. അവരെല്ലാം എന്‍റെ ഭാഗമാണെന്നും ഞാൻ അവരുടെയും ഭാഗമാണെന്നും തോന്നി.’
‘കൂടുതൽ വെളിച്ചം പ്രസരിപ്പിക്കുന്ന ഒരാളെ ഞാൻ കണ്ടു. അതാണ് ദൈവമെന്ന് എനിക്ക് മനസ്സിലായി. ദൈവം എന്‍റെ മുന്നിൽ ഇരുന്നു. അവൻ എന്നെ മാത്രം ശ്രദ്ധിച്ചു, എന്നോടൊപ്പം ചിരിച്ചു. അത്രയധികം സമാധാനവും സന്തോഷവും ഞാൻ നേരത്തെ അനുഭവിച്ചിട്ടില്ലായിരുന്നു. ദൈവം എഴുന്നേറ്റ് എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാൻ മടങ്ങിപ്പോകണമെന്നും എന്‍റെ സമയമായില്ലെന്നും ദൈവം പറഞ്ഞു. അത് സ്വർഗത്തിലെ മൂന്ന് മണിക്കൂറായിരുന്നു, എന്നാൽ ഭൂമിയിൽ അത് മൂന്ന് ദിവസമായിരുന്നു...’ -മരിയാന്ദ്രീ കർഡെനാസ് പറയുന്നു.
ഇത് തെറ്റിദ്ധാരണയാണെന്ന് കരുതുന്നില്ലെന്നും മരണശേഷം എന്താണ് സംഭവിക്കുന്നതെന്ന് കാണിച്ചുതരാൻ ദൈവം തന്നെ തെരഞ്ഞെടുക്കുകയായിരുന്നെന്നും യുവതി പറയുന്നു. ഏതായാലും, കോമയിൽ നിന്നുണർന്ന യുവതിയെ ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷിച്ച ശേഷമാണ് ഡോക്ടർമാർ വീട്ടിലേക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.