അമ്പതിനായിരത്തോളം രൂപ മുടക്കി സൗന്ദര്യ ശസ്ത്രക്രിയ നടത്തി പൊല്ലാപ്പിലായിരിക്കുകയാണ് 59കാരിയായ ജെയിൻ ബോമാൻ. താടിയിൽ നടത്തിയ ഫൈബ്രോബ്ലാസ്റ്റ് തെറപ്പിയാണ് ബ്രിട്ടീഷുകാരിക്ക് വിനയായത്. ശസ്ത്രക്രിയക്ക് ശേഷം ഇവരുടെ കഴുത്തിന്റെ ഭാഗത്ത് ചുവപ്പും തവിട്ടും നിറത്തിലുള്ള കുത്തുകൾ വന്ന് പല്ലിയുടേതുപോലെയായിരിക്കുകയാണ്.
ജെയിൻ ബോമാൻ തന്റെ താടിയിലെ അയഞ്ഞ ചർമം മുറുക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ ചികിത്സക്ക് വിധേയയായത്. ഭാരം കുറച്ചപ്പോൾ ചർമം തൂങ്ങുകയായിരുന്നു. ഇതെങ്ങനെ പരിഹരിക്കുമെന്ന് ചോദിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരു ബ്യൂട്ടീഷ്യന്റെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയക്ക് വിധേയയായത്. മുറിവിന്റെ പാടുകളല്ലാതെ ആഴ്ചകളായിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും നെഞ്ചിനും കഴുത്തിനും ഇടയിലെ ചർമത്തിൽ നിരവധി പാടുകൾ രൂപപ്പെട്ടെന്നും ചർമം പല്ലിയുടേതിന് സമാനമായെന്നുമാണ് ബോമാന്‍ പരിതപിക്കുന്നത്. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായെന്നും സ്കാർഫ് ധരിച്ചാണ് പുറത്തിറങ്ങുന്നതെന്നും ഇവർ പറയുന്നു.
'പഴയതു പോലെ തൂങ്ങിയ ചർമമായിരുന്നു ഇതിലും നല്ലതെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. ആ അവസ്ഥയിലേക്ക് തിരിച്ചു പോകാൻ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്. ഈ മോശം സൗന്ദര്യ ചികിത്സ എന്നെ വേദനിപ്പിച്ചു'– ബോമാൻ പറഞ്ഞു. ശസ്ത്രക്രിയയെ തുടർന്ന് കഴുത്തിലെ ചർമത്തിന് പൊള്ളലേറ്റതായും വലിയ വേദന അനുഭവിച്ചതായും ബോമാൻ പറഞ്ഞു. എന്നാൽ, ശസ്ത്രക്രിയ നടത്തിയ സ്ത്രീ ഇത് കാര്യമാക്കാനില്ലെന്നും കുറച്ചു ദിവസം കഴിഞ്ഞാൽ ശരിയാകുമെന്നുമാണത്രെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.