മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആരോപിച്ചതു പോലെ തങ്ങൾ രാജ്യദ്രോഹികളല്ലെന്നും ദേശസ്നേഹികളാണെന്നും വ്യക്തമാക്കി വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോസിൻ രംഗത്ത്. ടെലഗ്രാമിലുടെ പങ്കുവെച്ച ശബ്ദ സന്ദേശം വഴിയാണ് പ്രിഗോസിൻ ഇക്കാര്യം അറിയിച്ചത്. 'പ്രസിഡന്റ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞങ്ങൾ ദേശസ്നേഹികളാണ്.'– എന്നാണ് പ്രെഗോസിൻ അറിയിച്ചത്. അഴിമതിയും സ്വേഛാധിപത്യവും കൊടി കുത്തിവാഴുന്ന രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പുടിന്റെയോ സുരക്ഷാ സേവനങ്ങളുടെയോ ആവശ്യങ്ങൾക്കു മുന്‍പിൽ വാഗ്നർ സൈന്യം മുട്ടുമടക്കില്ലെന്നും പ്രെഗോസിൻ പ്രഖ്യാപിച്ചു.
അതിമോഹം കൊണ്ട് ചിലർ രാജ്യദ്രോഹം ചെയ്തിരിക്കുന്നുവെന്നും കലാപകാരികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞത്. സൈന്യത്തിനെതിരെ ആയുധമെടുക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി കണക്കാക്കും. റോസ്‌തോവിലെ സ്ഥിതി വിഷമകരമാണെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. കലാപത്തെ പിന്നിൽ നിന്നുള്ള കുത്ത് എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. മോസ്‌കോ ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന്‍ അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. യുക്രെയ്‌നില്‍ റഷ്യക്കു വേണ്ടി പൊരുതിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് പെട്ടെന്ന് അവിടെനിന്ന് ദക്ഷിണ റഷ്യയിലെ റോസ്‌തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
റഷ്യൻ സൈനിക നഗരമായ റൊസ്തോവ് പിടിച്ചെടുത്തതായി പ്രിഗോസിൻ അവകാശപ്പെട്ടിരുന്നു. പ്രിഗോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം റഷ്യ ശക്തമാക്കിയിട്ടുണ്ട്. സായുധ കലാപം മുന്നിൽ കണ്ട് മോസ്കോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. റൊസ്തോവിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദക്ഷിണ റഷ്യയിലെ റൊസ്തോവ് ഓൺ ഡോണിലെ സൈനിക കേന്ദ്രങ്ങൾ പിടിച്ചെടുത്തെന്നാണ് പ്രിഗോസിൻ വിഡിയോ വഴി അവകാശപ്പെട്ടത്. വ്യോമതാവളം ഉൾപ്പെടെ നിയന്ത്രണത്തിലാക്കിയെന്നാണ് പ്രിഗോസിന്റെ അവകാശ വാദം. യുക്രെയ്ന് എതിരായ സൈനിക നീക്കത്തിൽ റഷ്യക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ സൈനിക കേന്ദ്രങ്ങൾ.
സായുധ കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് പ്രിഗോസിന് എതിരെ ക്രിമിനൽ കേസെടുത്തിരിക്കുകയാണ്. എന്നാൽ റഷ്യൻ സൈന്യത്തിനെതിരായ സായുധ കലാപമല്ല, നീതി തേടിയുള്ള മാർച്ചാണ് നടക്കുന്നതെന്നാണ് പ്രിഗോസിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.