ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിത ടോമിക്കോ ഇറ്റൂക്ക 116 ാം വയസ്സിൽ നിര്യാതയായി. മധ്യ ജപ്പാനിലെ ആഷിയയിലെ കെയർഹോമിൽ കഴിഞ്ഞിരുന്ന ഇറ്റൂക്ക ഡിസംബർ 29നാണ് നിര്യാതയായതെന്ന് വയോജന നയങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. 1908 മേയ് 23ന് ഒസാക്കയിലാണ് ഇറ്റൂക്കയുടെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് വോളിബാൾ കളിക്കാരിയായിരുന്നു. രണ്ടുതവണ 3067 മീറ്റർ ഉയരമുള്ള ഒണ്‍ടേക്ക് കൊടുമുടി കയറിയിട്ടുണ്ട്. 20ാം വയസ്സിലായിരുന്നു വിവാഹം.
രണ്ടാം ലോകയുദ്ധ കാലത്ത് ഭർത്താവിന്റെ തുണിക്കമ്പനിയുടെ ചുമതല വഹിച്ചിരുന്നു. 1979ൽ ഭർത്താവിന്റെ മരണശേഷം ഒറ്റക്കായിരുന്നു ജീവിതം. നാലു മക്കളും അഞ്ചു പേരക്കുട്ടികളുമുണ്ട്. കഴിഞ്ഞ വർഷം 117 വയസ്സുള്ള മരിയ ബ്രന്യാസ് നിര്യാതയായതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിത എന്ന പദവി തേടിയെത്തിയത്. ഇറ്റൂക്കയുടെ മരണത്തോടെ 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ ഇനാ കാനബാരോ ലൂക്കാസാണ് നിലവിൽ ഏറ്റവും പ്രായംകൂടിയ വനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.