വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. സൈനികതലത്തിൽ യു.എസ്-ചൈന ആശയവിനിമയം സ്ഥിരമാക്കാൻ ധാരണയായി. സാൻഫ്രാൻസിസ്കോയിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികൾ ഇരുവരും ചർച്ചചെയ്തു. ചൈനയും യു.എസും മത്സരാധിഷ്ഠിതമായ ബന്ധത്തിലാണെന്നും അത് യുക്തിസഹമായി കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ സംഘർഷത്തിൽ കലാശിക്കില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. അമേരിക്കയെ മറികടക്കാനോ പരാജയപ്പെടുത്താനോ ചൈനക്ക് പദ്ധതിയില്ല. ചൈനയെ ഒതുക്കാൻ യു.എസും പദ്ധതിയിടരുത്. ആശയവിനിമയത്തിലൂടെ സഹകരണത്തിന് വഴികൾ തുറക്കണം.
പ്രധാന രാജ്യങ്ങൾ തമ്മിലുള്ള സഹകരണമില്ലാതെ മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. തായ്വാൻ ആയുധം നൽകുന്നത് നിർത്തണം. ചൈനയുടെ സമാധാനപരമായ പുനരേകീകരണത്തെ പിന്തുണക്കണം. അതിരുകൾ ഭേദിക്കാതിരിക്കാനും പ്രകോപിപ്പിക്കാതിരിക്കാനും രണ്ടുകൂട്ടരും ശ്രദ്ധിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തായ്വാനുമായി ബന്ധപ്പെട്ട് നയത്തിൽ മാറ്റം വരുത്തില്ലെന്ന് ജോ ബൈഡൻ മറുപടി നൽകി.
തായ്വാൻ പ്രശ്നവും ചൈന കടലിലെ യു.എസ് സൈനികസാന്നിധ്യവുമാണ് ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ പ്രധാന പ്രശ്നം. തായ്വാൻ ഉൾപ്പെടെ വിഷയങ്ങളിലെ വാക്പോരും സൈനിക പരിശീലനവും വിന്യാസവും ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് എത്തുമെന്ന് ആശങ്കയുയർന്ന ഘട്ടത്തിലാണ് ആശയവിനിമയത്തിന് സ്ഥിരം സംവിധാനമുണ്ടാക്കുകയും നേതൃതല കൂടിക്കാഴ്ചകൾ വർധിപ്പിക്കുകയും ചെയ്തത്. തനിക്ക് ഷി ജിൻപിങ്ങിനെ ഏറെക്കാലമായി അറിയാമെന്നും സുതാര്യമായും സത്യസന്ധമായുമാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ജോ ബൈഡൻ പറഞ്ഞു. ‘‘തങ്ങൾക്കിടയിൽ വിയോജിപ്പുകൾ ഏറെയാണ്. എന്നാൽ, പരസ്പരം മനസ്സിലാക്കുന്നതിനും ആശയവിനിമയത്തിലൂടെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും വിയോജിപ്പുകൾ തടസ്സമല്ല’’ -ബൈഡൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.