ബെയ്ജിങ്: പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകൻ 'ചെയർമാൻ മാവോ'ക്കു ശേഷം മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി പ്രസിഡന്റ് ഷി ജിൻപിങ് ചരിത്രമെഴുതി. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണയും ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. ഷി ജിൻപിങ്ങിനെ ആജീവനാന്ത നേതാവായി അംഗീകരിക്കുന്ന ഭരണഘടന ഭേദഗതിക്ക് കഴിഞ്ഞ ദിവസം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു. സൈന്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാൻ പദവിയും ഇദ്ദേഹം വഹിക്കും. ഇതോടെ, രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമടക്കം എല്ലാ അധികാരവും 69 കാരനായ ഷി ക്കായിരിക്കും.
ഷിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്രകമ്മിറ്റിയോഗം 24 അംഗ പോളിറ്റ്ബ്യൂറോയെ തിരഞ്ഞെടുത്തു. പോളിറ്റ്ബ്യൂറോ അതിശക്ത സമിതിയായ ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഷിയുടെ അടുത്ത അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള സ്റ്റാൻഡിങ് കമ്മിറ്റിയായിരിക്കും രാജ്യഭരണം നിർവഹിക്കുക. ഷി ജിൻപിങ്ങിന് പുറമെ ലി ക്വിയാങ്, ഷാവോ ലെജി, വാങ് ഹുനിങ്, കായ് ക്വി, ഡിങ് സൂക്സിയാങ്, ലി സി എന്നിവരാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലുള്ളത്. ഷാവോ ലെജിയും പാർട്ടി സൈദ്ധാന്തികനായ വാങ്ങും മുൻ കമ്മിറ്റിയിലെ അംഗങ്ങളാണ്.
പാർട്ടിയിലെ രണ്ടാമനായിരുന്ന പ്രധാനമന്ത്രി ലീ കെക്വിയാങ്ങിനെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. പുതിയ സ്റ്റാൻഡിങ് കമ്മിറ്റിയിലുൾപ്പെടുത്തിയ ലി ക്വിയാങ്, ഷി ജിൻപിങ്ങിന്റെ അടുപ്പക്കാരനായി കണക്കാക്കപ്പെടുന്നയാളാണ്. ലി കെകിയാങ്ങിന് പകരക്കാരനായി ലി ക്വിയാങ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പീപ്ൾസ് ലിബറേഷൻ ആർമി ജനറൽമാരായ ഷാങ് യൂക്സിയ, ഹെ വീഡോങ് എന്നിവരെ സെൻട്രൽ മിലിട്ടറി കമീഷന്റെ വൈസ് ചെയർമാന്മാരായി നിയമിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യി പോളിറ്റ്ബ്യൂറോയിലെത്തി.
ചോദ്യംചെയ്യപ്പെടാനാവാത്ത രീതിയിൽ ഷി ജിൻപിങ്ങിന്റെ പദവി നിർണയിച്ച പാർട്ടി ഭരണഘടന ഭേദഗതിക്ക് പാർട്ടി കോൺഗ്രസ് ശനിയാഴ്ചയാണ് അംഗീകാരം നൽകിയത്. കർക്കശമായ കോവിഡ് പ്രതിരോധനയത്തിന് വിധേയമായി നീല സർജിക്കൽ മാസ്കുകൾ ധരിച്ചാണ് 2,000 പ്രതിനിധികൾ പങ്കെടുത്ത 20ാംകോൺഗ്രസ് നടന്നത്.
സൈന്യത്തെയും സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിലും പാർട്ടിയുടെ അധികാരം ശക്തിപ്പെടുത്തുന്നതിലും ഷി വഹിച്ച പങ്കിനെ പാർട്ടി കോൺഗ്രസ് പ്രശംസിച്ചു. രാജ്യത്തിന്റെ ആവശ്യകതകൾക്കനുസരിച്ച് പാർട്ടിയെയും ഭരണത്തെയും ശക്തിപ്പെടുത്തുമെന്ന് സമാപന പ്രസംഗത്തിൽ ഷി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.