ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത മാസങ്ങളിൽ റഷ്യ സന്ദർശിക്കുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഒരു വർഷമാകുന്ന യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഫലപ്രദമായ സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കുന്നതിന്റെ കൂടി ഭാഗമായാകും സന്ദർശനം.
സന്ദർശനത്തിന്റെ ഒരുക്കം പ്രഥമ ഘട്ടത്തിലാണെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നാസി ജർമനിക്കുമേൽ രണ്ടാം ലോകയുദ്ധത്തിൽ വിജയം നേടിയത് റഷ്യ ആഘോഷിക്കുന്ന ഘട്ടത്തിലാകും (ഏപ്രിൽ അല്ലെങ്കിൽ മേയ് തുടക്കത്തിൽ) ഷിയുടെ സന്ദർശനമെന്നാണ് സൂചന. ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യി മോസ്കോയിലുണ്ട്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വർഷം ബെയ്ജിങ്ങിൽ നടന്ന ശീതകാല ഒളിമ്പിക്സിനിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഷി ജിൻപിങ്ങും അവസാനമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. ഡിസംബറിൽ ഇരുവരും ഫോൺ സംഭാഷണം നടത്തിയിരുന്നു.
ഇസ്ലാമാബാദ്: പാകിസ്താന് ചൈന ഡെവലപ്മെന്റ് ബാങ്ക് 70 കോടി ഡോളർ വായ്പ നൽകും. ഒരാഴ്ചക്കകം തുക ലഭ്യമാകുമെന്ന് പാക് ധനമന്ത്രി ഇസ്ഹാഖ് ദാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് ഇത് ആശ്വാസമാകും. അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 100 കോടി ഡോളർ വായ്പ ലഭ്യമാക്കാൻ പാക് അധികൃതർ ശ്രമിക്കുകയാണ്. ഐ.എം.എഫ് നിബന്ധനകളുടെ ഭാഗമായി വൈദ്യുതി നിരക്കും നികുതികളും കുത്തനെ വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.