ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ റഷ്യൻ സന്ദർശനം 20 മുതൽ 22 വരെ. റഷ്യൻ, ചൈനീസ് വിദേശകാര്യ മന്ത്രാലയങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്താനാണ് സന്ദർശനമെന്നാണ് വിശദീകരണം. ഇരുരാഷ്ട്രങ്ങളും പ്രധാന കരാറുകളിൽ ഒപ്പുവെക്കും.
പ്രസിഡന്റ് പദത്തിൽ മൂന്നാമൂഴം ആരംഭിച്ചതിനു ശേഷം ഷി ജിൻപിങ്ങിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. യുക്രെയ്ൻ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ചൈനീസ് പ്രസിഡന്റ് മോസ്കോ സന്ദർശിക്കുന്നത് വ്യക്തമായ രാഷ്ട്രീയ പിന്തുണ അറിയിക്കാനാണെന്നാണ് വിലയിരുത്തൽ.
യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഷിയുടെ ആദ്യ മോസ്കോ സന്ദർശനം കൂടിയാണിത്. യുദ്ധം അവസാനിപ്പിക്കാൻ ചൈന മധ്യസ്ഥത വഹിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നുണ്ട്. അടുത്തയാഴ്ച ഷി ജിൻപിങ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിക്കുമെന്നും റിപ്പോർട്ടുണ്ട്.
നേരത്തേ യുക്രെയ്ൻ അധിനിവേശത്തെ അപലപിച്ചുള്ള യു.എൻ പ്രമേയത്തെ ചൈന വീറ്റോ ചെയ്തിരുന്നു. വ്യാഴാഴ്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി ഫോണിൽ സംസാരിച്ച ചൈനീസ് വിദേശകാര്യ മന്ത്രി ഖിൻ ഗാങ് പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.