മോസ്കോ: രണ്ടു മാസം മുമ്പ് വാഗ്നർ കൂലിപ്പട മോസ്കോക്ക് നേരെ മാർച്ച് ചെയ്യാൻ ആരംഭിച്ചപ്പോൾ മുതൽ പലരും ചോദിക്കുന്നതാണ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കോപം ഏറ്റുവാങ്ങിയ വാഗ്നർ കൂലിപ്പട തലവൻ യെവ്ഗെനി പ്രിഗോഷിന്റെ ഭാവി എന്താകും?. ബുധനാഴ്ച മോസ്കോയുടെ വടക്ക് പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നുവീണ് മരിച്ചെന്ന് റഷ്യയുടെ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചതോടെ, ഈ ചോദ്യത്തിന് ഉത്തരമായി.
1981ൽ മോഷണം, അക്രമക്കേസുകളിൽ 12 വർഷത്തെ തടവിന് ശിക്ഷക്കപ്പെട്ട പ്രിഗോഷിൻ, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം 1990കളിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ റസ്റ്റാറന്റിന് തുടക്കംകുറിച്ചു. പുടിൻ അപ്പോൾ ഇവിടത്തെ ഡെപ്യൂട്ടി മേയറായിരുന്നു. ഈ സമയം പുടിനുമായി അടുത്ത പ്രിഗോഷിൻ, ഈ ബന്ധം ഉപയോഗിച്ച് തന്റെ കാറ്ററിങ് ബിസിനസ് വളർത്തുകയും സർക്കാറിൽനിന്ന് വിലയതോതിൽ കരാറുകൾ നേടിയെടുക്കുകയും ചെയ്തു. ‘പുടിന്റെ പാചകക്കാരൻ’ എന്ന വിളിപ്പേര് ലഭിക്കുന്നത് ഇങ്ങനെയാണ്. പിന്നീട്, മാധ്യമ മേഖലയിലേക്ക് കടന്ന ഇദ്ദേഹം, കുപ്രസിദ്ധമായ ഇന്റർനെറ്റ് ‘ട്രോൾ ഫാക്ടറി’യിലും നിക്ഷേപിച്ചു. ഇതാണ് പിന്നീട് 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് എത്തിച്ചത്.
2014ൽ യുക്രെയ്നിൽ നിന്ന് ക്രീമിയ റഷ്യ പിടിച്ചെടുത്ത സന്ദർഭത്തിലാണ് പിന്നീട് പ്രിഗോഷിൻ ശ്രദ്ധയിലെത്തുന്നത്. അന്ന് ക്രീമിയൻ വിഘടനവാദികൾക്ക് ആയുധം നൽകിയിട്ടില്ലെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. വാഗ്നർ കൂലിപ്പടയാളികളെ മുന്നിൽ നിർത്തിയാണ് ഈ അവകാശവാദം റഷ്യ ഉന്നയിച്ചത്. പിന്നീട് സിറിയൻ ആഭ്യന്തര കലാപത്തിൽ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ സൈന്യത്തെ സഹായിക്കാനും ആഭ്യന്തര സംഘർഷം നടക്കുന്ന ലിബിയയിൽ ഖലീഫ ഹിഫ്തറിന്റെ സംഘത്തിനൊപ്പവും വാഗ്നർ നിലയുറപ്പിച്ചു.
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, മാലി എന്നിവിടങ്ങളിലും പ്രിഗോഷിന്റെ കൂലിപ്പട എത്തി. എന്നാൽ 2022 സെപ്റ്റംബറിൽ മാത്രമാണ് പ്രിഗോഷിനാണ് വാഗ്നർ കൂലിപ്പടയുടെ സ്ഥാപകനും നായകനും സാമ്പത്തിക പിൻബലവുമെന്ന് പുറത്തറിയുന്നത്.
യുക്രെയ്ൻ യുദ്ധത്തിൽ ബഖ്മുത്ത് നഗരത്തിലെ ഏറ്റുമുട്ടലിൽ ഒട്ടേറെ വാഗ്നർ കൂലിപ്പടയാളികൾ കൊല്ലപ്പെട്ട സന്ദർഭത്തിലായിരുന്നു ഇത്. റഷ്യൻ ജയിലുകളിൽനിന്നാണ് പലരെയും പ്രിഗോഷിൻ റിക്രൂട്ട് ചെയ്തതെന്ന വിവരവും പുറത്തുവന്നത് അപ്പോഴാണ്.
ആഫ്രിക്കൻ രാജ്യങ്ങളിലും സിറിയയിലും വാഗ്നർ പട നടത്തിയ ക്രൂരമായ പീഡനങ്ങളും കൊലകളും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയർന്നെങ്കിലും ക്രെംലിൻ ഇതോട് മുഖം തിരിക്കുകയായിരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയത് മുതൽ വാഗ്നർ പടയുടെ വിജയങ്ങൾ ഉപയോഗിച്ച് പ്രിഗോഷിൻ തന്റെ പൊതുസമൂഹത്തിലെ ഇമേജ് വർധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, ഈ വർഷം ജൂൺ 23ന് പ്രതിരോധ മന്ത്രിക്കെതിരെ വിമത നീക്കം ആരംഭിച്ച് മോസ്കോ ലക്ഷ്യമാക്കി സൈനികർ നീങ്ങിയതോടെ അദ്ദേഹത്തിന്റെ വിധി മാറി മറിഞ്ഞു.
പ്രിഗോഷിനെ ‘ഒറ്റുകാരൻ’ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. പിന്നീട് വിമത നീക്കം ഉപേക്ഷിച്ച പ്രിഗോഷിനും വാഗ്നർ കമാൻഡർമാരുമായി പുടിൻ ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രിഗോഷിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക അന്നേ ഉയർന്നിരുന്നു. ‘അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ പോലും ശ്രദ്ധ പുലർത്തുമായിരുന്നുവെന്നാ’ണ് യു.എസ് പ്രസിഡന്റ് ബൈഡൻ കഴിഞ്ഞ മാസം പറഞ്ഞത്.
പ്രിഗോഷിനെ നോട്ടമിട്ടിരിക്കുകയാണ് എന്നാണ് അന്ന് ബൈഡൻ സൂചിപ്പിച്ചത്. ഒടുവിൽ വിമാനാപകടത്തിന്റെ രൂപത്തിൽ പ്രിഗോഷിന്റെ അന്ത്യം സംഭവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.