സ്റ്റോക്ഹോം: നാടകത്തിൽ കാവ്യഭാഷയുടെ സ്വാധീനം ഊട്ടിയുറപ്പിച്ച പ്രതിഭക്കുള്ള അംഗീകാരമായി നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെക്ക് ലഭിച്ച സാഹിത്യ നൊബേൽ സമ്മാനം. ‘പരമ്പരാഗത അർഥത്തിലുള്ള കഥാപാത്രങ്ങളല്ല തന്റേതെന്നും മനുഷ്യത്വത്തെ കുറിച്ചാണ് എഴുതിയതെന്നും അദ്ദേഹം 2003ൽ ഫ്രഞ്ച് പത്രമായ ലെ മോണ്ടെയോട് പറഞ്ഞു.
മനുഷ്യരുടെ അരക്ഷിതാവസ്ഥയിലും ഉത്കണ്ഠയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഫോസെയുടെ രചനകൾ. നൊബേൽ ജേതാവും പ്രമുഖ ഐറിഷ് എഴുത്തുകാരനുമായ സാമുവൽ ബക്കറ്റിന്റെ ഇരുണ്ടതും നിഗൂഢവുമായ സൃഷ്ടികൾ തന്നെ സ്വാധീനിച്ചതായി ഫോസെ പുരസ്കാര നേട്ടത്തിന് ശേഷം പ്രതികരിച്ചു. സംഘാടകർ പുരസ്കാര വിവരമറിയിച്ചപ്പോൾ അത്ഭുതപ്പെട്ടെന്നും ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥികളെ സാഹിത്യം പഠിപ്പിച്ച ഫോസെ, ബൈബിൾ നോർവീജിയൻ ഭാഷയിലേക്ക് മാറ്റിയപ്പോൾ ഉപദേശക സമിതിയിലുണ്ടായിരുന്നു.
നോർവേയിൽ പത്തു ശതമാനം ജനങ്ങൾമാത്രം ഉപയോഗിക്കുന്ന നൈനോർസ്ക് ഭാഷയിലാണ് അദ്ദേഹം എഴുതിയത്.
ഈ ഭാഷക്കും വലിയ നേട്ടമാണിത്. 50 ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ അവക്ക് രംഗഭാഷയൊരുങ്ങി. നേരത്തെ നിരീശ്വരവാദിയായിരുന്ന ഫോസെ 2013ൽ കത്തോലിക്ക മതം സ്വീകരിച്ചു. 1983ൽ റെഡ്, ബ്ലാക്ക് എന്ന നോവലിലൂടെയാണ് സാഹിത്യരംഗത്തേക്കുള്ള അരങ്ങേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.