കൈറോ(ഈജിപ്ത്): സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ ഈജിപ്ഷ്യൻ ഗായകൻ അമർ ദിയാബ് അഭിനയിച്ച പരസ്യം പിൻവലിച്ചു.
ഡിസംബർ ആദ്യം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരസ്യമാണ് പിൻവലിച്ചത്. 60കാരനായ പോപ്പ് താരം കാറിന്‍റെ റിയർവ്യൂ മിററിൽ ഘടിപ്പിച്ച ആധുനിക ക്യാമറ ഉപയോഗിച്ച് വാഹനത്തിന് മുന്നിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ചിത്രം രഹസ്യമായി പകർത്തുന്നതാണ് പരസ്യ ദൃശ്യം.
ഫോട്ടോ എടുക്കുന്നതിന് സ്ത്രീയുടെ അനുമതി തേടുന്നില്ല. പക്ഷേ, ദിയാബ് തന്‍റെ ഫോണിൽ പോപ്പ് അപ്പ് ചെയ്യുമ്പോൾ ചിത്രം സ്ത്രീ നോക്കി പുഞ്ചിരിക്കുന്നതായി കാണിക്കുന്നു. തുടർന്ന് അയാൾ ആ സ്ത്രീയെ തന്നോടൊപ്പം കാറിൽ കയറാൻ ക്ഷണിക്കുന്നു. പരസ്യം പുറത്തുവന്നയുടനെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായത്.
'ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ചിത്രമെടുക്കുന്നത് ഭയാനകമാണ്'- വനിതാ അവകാശ പ്രവർത്തകനായ റീൽ അബ്ദുലത്തീഫ് ട്വിറ്ററിൽ കുറിച്ചു. 'ഇത് നിങ്ങൾ ലൈംഗിക പീഡനം സാധ്യമാക്കുന്നു' -മറ്റൊരു വിമർശകനായ അഹമ്മദ് തൗഫീക്ക് എഴുതുന്നു. പരസ്യം ഒരു നല്ല ആശയമാണെന്ന് കമ്പനിക്ക് എങ്ങനെ തോന്നി എന്നും അദ്ദേഹം ചോദിച്ചു. 'എങ്ങനെയാണ് ഇതിന് ആദ്യം അംഗീകാരം ലഭിച്ചത്?' -ഇൻസ്റ്റഗ്രാമിലെ പോസ്റ്റിന് താഴെ അദ്ദേഹം എഴുതി. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് പരസ്യം നീക്കം ചെയ്തതായി വ്യാഴാഴ്ച സിട്രൺ അറിയിച്ചു.
'ഒരു രംഗം അനുചിതമാണെന്ന് ഞങ്ങൾ മനസ്സിലാക്കി' -സിട്രൺ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ എഴുതി. 'കൊമേഴ്‌സ്യൽ പതിപ്പിന്‍റെ ഇ പതിപ്പ് പിൻവലിക്കാനുള്ള തീരുമാനം ഞങ്ങൾ എടുക്കുന്നു. ഈ ചിത്രത്തിലൂടെ വ്രണപ്പെട്ട എല്ലാ സമൂഹങ്ങളോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു'. പരസ്യത്തിൽ അഭിനയിച്ചതിനും ക്ഷമാപണം നടത്താത്തതിനും അറബ് ലോകത്തെ മെഗാസ്റ്റാറായ ദിയബിനെതിരെ ഓൺലൈനിൽ ആളുകൾ വിമർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.