ജറൂസലം: ഗസ്സയിലെ ഇസ്രാേയൽ മനുഷ്യക്കുരുതിയെ കുറിച്ച് യഥാർഥ വിവരങ്ങൾ ഉടനടി ലോകത്തെ അറിയിക്കുന്ന അൽ ജസീറ ചാനലിന് നിയന്ത്രണമേർപ്പെടുത്തി യൂടൂബ്. അൽജസീറ ചാനലിന്‍റെ അറബിക് ലൈവ് സ്ട്രീം കാണുന്നതിനാണ് ബുധനാഴ്ച പുലർച്ചെ മുതൽ പ്രായപരിധി നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, വ്യാപക വിമർശനങ്ങളുയർന്നതോെട ഇത് പിന്നീട് പിൻവലിച്ചു. ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ളതാണ് യൂടൂബ്.
ചാനലിന്‍റെ ഉള്ളടക്കം അനുചിതമായിരിക്കാമെന്നും തത്സമയ സ്ട്രീം കാണുന്നതിന് ഉപയോക്താവിന്‍റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്ന സന്ദേശമാണ് അൽ ജസീറ അറബിക് യൂടൂബ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ''അൽജസീറയിലെ അക്രമദൃശ്യങ്ങൾ അടങ്ങിയ ഉള്ളടക്കം എല്ലാ പ്രേക്ഷകർക്കും അനുയോജ്യമാകില്ല. കാണണമെന്നുള്ളവർ സൈൻ ഇൻ ചെയ്ത് തങ്ങൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് സ്ഥിരീകരിക്കണം" എന്നായിരുന്നു ഇതേക്കുറിച്ച് അൽജസീറ അധികൃതർ യൂടൂബ് അധികൃതരുമായി ബന്ധപ്പെട്ടേപ്പാൾ ലഭിച്ച മറുപടി.
എന്നാൽ, വൈകീട്ടോടെ നിയന്ത്രണം നീക്കിയതായി അറിയിപ്പ് ലഭിച്ചു. "അക്രമ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനാൽ അൽ ജസീറ അറബിക് ലൈവിന് പ്രായപരിധി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിൽ അത്തരം ഉള്ളടക്കം ഇല്ലാത്തതിനാൽ പ്രസ്തുത പ്രായപരിധി നിയന്ത്രണം നീക്കി" -പ്രസ്താവനയിൽ പറഞ്ഞു. സൗജന്യവും വിശ്വസനീയവുമായ വിവരങ്ങൾ തേടുന്ന പ്രേക്ഷകർക്കുള്ള ശക്തമായ ഒരു പ്ലാറ്റ്ഫോമായി യൂടൂബ് തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശലഘനങ്ങൾ പുറംലോകം അറിയാതിരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മൊത്തത്തിൽ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് യൂടൂബിന്‍റെ ഈ നിയന്ത്രണമെന്ന് ആക്ടിവിസ്റ്റുകളും പ്രമുഖ മാധ്യമ പ്രവർത്തകരും ആരോപിച്ചിരുന്നു. ഈ മാസമാദ്യം ഫേസ്ബുക്കും അനുബന്ധ സ്ഥാപനമായ ഇൻസ്റ്റാഗ്രാമും അധിനിവേശ കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജർറാഹിലെ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും അത്തരം അക്കൗണ്ടുകളും വ്യാപകമായി നീക്കം ചെയ്തതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചിരുന്നു.
ഖത്തർ സർക്കാറിന്‍റെ സഹായത്തോടെ പ്രവൃത്തിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര മാധ്യമ സ്ഥാപനമാണ് അൽ ജസീറ. 1996ൽ സ്ഥാപിതമായ ചാനലിന് ഇംഗ്ലീഷ്, അറബിക് പതിപ്പുകളുണ്ട്. ഹമദ് ബിൻ ഖലീഫ അൽ ഥാനിയാണ് ഇതിന്‍റെ സ്ഥാപകൻ.
ഫലസ്തീനിലെ ഗസ്സയിൽ പ്രവർത്തിക്കുന്ന അൽജസീറയുടേതടക്കമുള്ള മാധ്യമസ്ഥാപനങ്ങളുെട ഓഫിസുകൾ പ്രവൃത്തിക്കുന്ന 13 നില കെട്ടിടം കഴിഞ്ഞ ശനിയാഴ്ച ഇസ്രായേൽ ബോംബിട്ട് തകർത്തിരുന്നു. അൽജസീറ, അസോസിയേറ്റഡ് പ്രസ് (എ.പി), മിഡിൽ ഈസ്റ്റ് ഐ എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ അൽ ജല കെട്ടിടമാണ് തകർത്തത്. ബോംബ് വർഷിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് കെട്ടിടം ഒഴിയണമെന്ന അറിയിപ്പ് ഇസ്രായേൽ പട്ടാളം ഫോണിലൂടെ നൽകുന്നത്.
അതിനിടെ, ഫലസ്തീനിലെ ഇസ്രായേൽ സൈനിക നടപടികളെ അപലപിച്ചും ഗസ്സക്ക് പിന്തുണ അറിയിച്ചും ഗൂഗ്ളിലെ ജീവനക്കാരുടെ സംഘടനയായ ജൂഗ്ൾ രംഗത്ത് വന്നിരുന്നു. ഇസ്രായേൽ ആക്രമണത്തെ പരസ്യമായി അപലപിക്കാൻ ഇവർ ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈയോട് കത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
ഗൂഗ്ളിലെ ജൂത ജീവനക്കാരുടെ സംഘടനയായ ജൂഗ്ളേഴ്സ് ഫലസ്തീൻ ആക്രമണത്തെ അപലപിക്കാത്തതിൽ പ്രതിഷേധിച്ച് രൂപവത്കരിച്ച സംഘടനയാണ് ജൂഗ്ൾ. ഫലസ്തീന് പിന്തുണ നൽകുന്നതിൽ ജീവനക്കാരെ ഏകോപിപ്പിക്കണമെന്നും ഗസ്സക്ക് സാമ്പത്തിക സഹായം നൽകണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു. കത്തിൽ ഇതിനകം 250ലധികം ജീവനക്കാർ ഒപ്പിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.