Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപഠിച്ച് പഠിച്ച്...

പഠിച്ച് പഠിച്ച് വക്കീലാകണം; 77ാം വയസ്സില്‍ ഒരുങ്ങിയിറങ്ങി നാരായണന്‍

text_fields
bookmark_border
പഠിച്ച് പഠിച്ച് വക്കീലാകണം; 77ാം വയസ്സില്‍ ഒരുങ്ങിയിറങ്ങി നാരായണന്‍
cancel
camera_alt

പരീക്ഷാ ഹാൾ ടിക്കറ്റ് കൈപറ്റിയ ദിവസം സിവിൽ സ്‌റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷൻ ഓഫിസിലെത്തി സന്തോഷം പങ്കുവെയ്ക്കുന്ന നാരായണൻ

കോഴിക്കോട്: കുറേകാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു മോഹമുണ്ട്, പഠിച്ച് പഠിച്ച് വക്കീലാകണം. ഇന്ന് (ജൂലൈ 10) ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ആരംഭിക്കുമ്പോള്‍ ചാത്തമംഗലം നെച്ചോളിയിലെ വീട്ടിലിരുന്ന് തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയത്‌നത്തിലാണ് 77കാരനായ അലിയഞ്ചേരി നാരായണന്‍ എന്ന നാരായണന്‍ മാസ്റ്റര്‍. വെള്ളിമാട്കുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂള്‍ കേന്ദ്രത്തിലാണ് പരീക്ഷയെഴുതുന്നത്.

വിവിധ സ്‌കൂളുകളില്‍ കായികാധ്യാപകനായിരുന്ന നാരായണന്‍ കുട്ടികള്‍ക്കൊപ്പം 'കളിച്ചു' നടക്കുമ്പോഴും പഠനത്തോടുള്ള ഇഷ്ടം മനസ്സില്‍ കൊണ്ടുനടന്നു. ഒരു ദിവസം സിവില്‍ സ്‌റ്റേഷനില്‍ സ്വകാര്യ ആവശ്യത്തിനെത്തിയപ്പോള്‍ സാക്ഷരതാ മിഷന്‍ ഓഫിസിന് മുന്നില്‍ കണ്ട ബോര്‍ഡാണ് തുല്യതാ പഠനത്തിന് പ്രേരണയായത്. കൂടുതല്‍ ആലോചിക്കാതെ രജിസ്റ്റര്‍ ചെയ്തു. ഓഫ്‌ലൈന്‍ ക്ലാസിലും ഓണ്‍ലൈന്‍ ക്ലാസിലുമെല്ലാം സജീവ പങ്കാളിയായതോടെ ഒന്നാം വര്‍ഷ പരീക്ഷ മികച്ച മാര്‍ക്കോടെ പാസാകുകയും ചെയ്തു. രണ്ടാം വര്‍ഷ പരീക്ഷയും വിജയിച്ച് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍. പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ലഭിച്ച ദിവസം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസിലെത്തി തന്റെ പ്രതീക്ഷകര്‍ പങ്കുവെക്കാനും അദ്ദേഹം മറന്നില്ല.

കുട്ടിക്കാലം മുതല്‍ കളിയോടുള്ള കൂട്ടാണ് നാരായണനെ കായികാധ്യാപകനാക്കിയത്. പഠിക്കുന്ന കാലത്ത് 100, 200, 400 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ലോങ് ജമ്പ് എന്നിവയിലെല്ലാം സ്‌കൂളിലെ ജേതാവായിരുന്നെന്നും 1966ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും അദ്ദേഹം അഭിമാനത്തോടെ ഓര്‍ക്കുന്നു. എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കി ഗുരുവായൂരപ്പന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും അന്ന് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോഴിക്കോട്ടെ ഫിസിക്കല്‍ എജുക്കേഷന്‍ കോളേജില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കി. ആദ്യം പഠിച്ച കോളേജില്‍ തന്നെ ഗ്രൗണ്ട് മാര്‍ക്കറായി ജോലിയും ലഭിച്ചു. പിന്നീട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വയനാട് കളക്ടറേറ്റില്‍ ഡ്രൈവറായി നിയമനം ലഭിച്ചു. ഇതിനിടയിലാണ് കായികാധ്യാപകനായി പിഎസ്‌സിയുടെ നിയമന ഉത്തരവ് ലഭിക്കുന്നത്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മേലങ്ങാടി ഗവ. സ്‌കൂളിലായിരുന്നു ആദ്യ നിയമനം. അഞ്ച് വര്‍ഷത്തിന് ശേഷം അവധിയെടുത്ത് സൗദി അറേബ്യയില്‍ ഹെവി ഡ്രൈവറുടെ ജോലിക്ക് പോയി. തിരിച്ചെത്തി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌കൂളുകളിലും കോഴിക്കോട്ടെ ടി.ടി.ഐകളിലും കായികാധ്യാപകനായി. മലയാളത്തിന് പുറമെ ഹിന്ദിയും അറബിയും ഇംഗ്ലീഷും കൈകാര്യം ചെയ്യുന്ന നാരായണന്‍ മാസ്റ്റര്‍ കായികാധ്യാപകന്റെ വേഷം അഴിച്ചശേഷം ഹോട്ടല്‍ ബിസിനസിലേക്കും ചുവടുവെച്ചു. ഇതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഏഴ് മാസത്തോളം കിടപ്പിലായെങ്കിലും പഠനം ഉപേക്ഷിക്കാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് നടത്തം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹെഡ് നഴ്‌സ് ആയിരുന്ന ഭാര്യ വിജയകുമാരി പഠനകാര്യങ്ങളില്‍ കൂട്ടായുണ്ട്. ജീവിതത്തില്‍ നേരിടേണ്ടിവന്ന കൈപ്പേറിയ അനുഭവങ്ങളാണ് അഭിഭാഷകനാവുകയെന്ന മോഹത്തിലെത്തിച്ചതെന്നും തുല്യതാ പഠനത്തിന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സാക്ഷരതാ മിഷനോട് നന്ദിയുണ്ടെന്നും നാരായണന്‍ മാസ്റ്റര്‍ പറഞ്ഞു. ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവായ നാരായണന്‍ മാസ്റ്ററുടെ പഠനത്തിലുള്ള ആവേശവും പ്രയത്‌നവും സഹപഠിതാക്കള്‍ക്കെല്ലാം ഊര്‍ജം പകരുന്നതാണെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.വി ശാസ്തപ്രസാദ് സാക്ഷ്യപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Equivalency TestEducation NewsKozhikodeLatest News
News Summary - Story of a man who wrote higher secondary Equivalency Test at the age of 77
Next Story