കുട്ടികൾ കുത്തനെ കൊഴിയുന്നു, ഇതോ പൊതുവിദ്യാഭ്യാസ സംരക്ഷണം?
text_fieldsചേറൂർ ജി.എം.എൽ.പി സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം
‘‘മികച്ച ഭൗതിക സംവിധാനങ്ങളുള്ള സ്കൂളുകൾ ചുറ്റുപാടുമുള്ളപ്പോൾ പരിമിത സൗകര്യങ്ങളുള്ള ഈ ‘വാടക’ സ്കൂളുകളിലേക്ക് എന്തിന് മക്കളെ അയക്കണം? രക്ഷിതാക്കളെ കുറ്റം പറയാൻ പറ്റില്ല’’ -ജില്ലയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ അധ്യാപകൻ പറയുന്നു.
സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതായിരുന്നു. എന്നാൽ, ജില്ലയിൽ വാടകക്കെട്ടിടത്തിൽ കഴിയുന്ന എല്ലാ സ്കൂളുകളിലും കുട്ടികളുടെ എണ്ണം ഓരോ വർഷവും കുത്തനെ കുറയുകയാണ്.
സർക്കാറിന്റെ നിസ്സംഗത ഗ്രാമീണ മേഖലയിലെ ഒട്ടേറെ പൊതുവിദ്യാലയങ്ങളുടെ അടച്ചുപൂട്ടലിലേക്കാണ് നയിക്കുന്നത്. സ്കൂൾ പൂട്ടിക്കിട്ടാൻ കാത്തിരിക്കുന്ന ഒറ്റപ്പെട്ട കെട്ടിട ഉടമകളുമുണ്ട് ജില്ലയിൽ. പൂർവികർ സാമൂഹിക നന്മ ഉദ്ദേശിച്ച് നാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ വിട്ടുകൊടുത്ത സ്ഥലവും കെട്ടിടവുമാണെങ്കിലും അവരുടെ വിയോഗാനന്തരം അവകാശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിൽ താൽപര്യം വന്ന സംഭവങ്ങൾ പലയിടത്തുമുണ്ട്. അതേസമയം, സ്കൂളിന് പുതിയ കെട്ടിടം സ്വന്തം ചിലവിൽ നിർമിച്ചുനൽകിയ സന്മനസ്സുള്ള കെട്ടിട ഉടമകളും ജില്ലയിലുണ്ട്-വേങ്ങര കണ്ണമംഗലം ജി.എം.യു.പി സ്കൂൾ ഉദാഹരണം.
അഞ്ച് അധ്യാപകരും 28 കുട്ടികളും!
വെറും 28 കുട്ടികളുമായാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മൂക്കുതല ചേലക്കടവ് റോഡിൽ പ്രവർത്തിക്കുന്ന ഗവ. മാപ്പിള ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്. വർഷംതോറും കുട്ടികളുടെ എണ്ണം കുത്തനെ കുറയുകയാണ്. പ്രധാനാധ്യാപികയും മൂന്ന് അധ്യാപകരും ഒരു താൽക്കാലിക അറബി അധ്യാപകനും ഇവിടെ പ്രവർത്തിക്കുന്നു. വാടക കെട്ടിടമായതിനാലും പരിമിതവും ശോചനീയവുമായതിനാലും നാട്ടുകാർ കുട്ടികളെ ഇവിടെ ചേർക്കാൻ ഇഷ്ടപ്പെടുന്നില്ല.
1946ൽ സ്ഥാപിതമായ സ്കൂൾ ഇക്കാലമത്രയും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശോച്യാവസ്ഥയിലാണ് കെട്ടിടം. സ്കൂളിന് സ്വന്തമായി സ്ഥലം വേണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ക്ലാസ് മുറികളിലും വെള്ളക്കെട്ട്
രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്താൽ കുഞ്ഞുകുട്ടികൾ പഠിക്കുന്ന ക്ലാസ് മുറികളിൽ വരെ വെള്ളം കയറുന്ന ഒരു പ്രാഥമിക വിദ്യാലയമുണ്ട് മലപ്പുറം നഗരസഭയിൽ. പഴകി ദ്രവിച്ച വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോൽമണ്ണ ജി.എൽ.പി സ്കൂൾ. ഓടിട്ട കെട്ടിടത്തിന്റെ ചോർച്ച അതിന് പുറമെയാണ്.
ഇടുങ്ങിയ ക്ലാസ് മുറികളിലാണ് കുട്ടികൾ പഠിക്കുന്നത്. 2022-‘23ൽ 120 കുട്ടികൾ ഉണ്ടായിരുന്നത് 2023-‘24ൽ 104 ആയി ചുരുങ്ങി. ഈ വർഷം നാല് ക്ലാസുകളിലായി 84 കുട്ടികളാണ് ഇവിടെയുള്ളത്. അധ്യാപകരും പി.ടി.എയും രക്ഷിതാക്കളെ നേരിൽ കണ്ട് നിരന്തരം അഭ്യർഥിച്ച ശേഷമാണ് ഇത്രയെങ്കിലും കുട്ടികളെ സ്കൂളിൽ നിലനിർത്താനായത്.
കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടിലായ കോൽമണ്ണ ജി.എൽ.പി സ്കൂൾ
എൽ.എസ്.എസ് പരീക്ഷയിലടക്കം കുട്ടികൾ മികവ് കാട്ടുന്നത് സ്കൂളിന്റെ അക്കാദമിക മികവിന്റെ സാക്ഷ്യമാണെങ്കിലും ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത രക്ഷിതാക്കളെ സ്കൂളിൽനിന്ന് അകറ്റുന്നു. പ്രളയകാലത്ത് സ്കൂൾ ഒന്നാകെ മുങ്ങി കമ്പ്യുട്ടറുകളും മറ്റുമെല്ലാം നാശമായിരുന്നു.
1927ൽ സ്ഥാപിതമായ സ്കൂൾ കാലമിത്രയായിട്ടും വാടകക്കെട്ടിടത്തിൽ തന്നെ. ആസ്ബറ്റോസ് ഷീറ്റിട്ട താൽകാലിക സംവിധാനത്തിലാണ് പ്രീപ്രൈമറി കുട്ടികൾ പഠിക്കുന്നത്. സ്കൂളിനായി സ്ഥലം വാങ്ങാൻ നഗരസഭ 30 ലക്ഷം വകയിരുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികൾക്ക് വേഗമില്ല.
എങ്ങനെ പ്രവർത്തിച്ചിരുന്ന സ്കൂളാണ്!
നേരത്തെ ഓരോ ക്ലാസിനും നാല് ഡിവിഷൻ വീതമുണ്ടായിരുന്നതാണ് വേങ്ങര ഉപജില്ലയിലെ ചേറൂർ ജി.എം.എൽ.പി സ്കൂളിൽ. ഇപ്പോഴുള്ളത് കേവലം 76 കുട്ടികൾ. അഞ്ചു അധ്യാപകരും ഒരു പി.ടി.സി.എമ്മും ഉൾപ്പെടെ അഞ്ച് ജീവനക്കാർ ഇവിടെയുണ്ട്. അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിന്നിലായതിനാൽ കുട്ടികളെ ഈ സ്കൂളിൽ പറഞ്ഞയക്കാൻ രക്ഷിതാക്കൾക്കും വലിയ താൽപര്യമില്ല.
സ്കൂളിന് സർക്കാർ അനുവദിക്കുന്ന തുക ഒന്നിനും തികയാത്തതിനാൽ പി.ടി.എയും നാട്ടുകാരും പിരിവെടുത്താണ് പലപ്പോഴും അറ്റകുറ്റപ്പണി പൂർത്തിയാക്കാറുള്ളതെന്ന് പി.ടി.എ പ്രസിഡന്റ് ജലീലും കെട്ടിട ഉടമസ്ഥരിലൊരാളായ കണ്ണേത്ത് സക്കീർ അലിയും പറയുന്നു.
ഒന്ന് മുതൽ ഏഴു വരെ ക്ലാസുകളിൽ 17 ഡിവിഷനുകളിലായി 513 കുട്ടികൾ പഠിക്കുന്ന വേങ്ങര ഉപജില്ലയിലെ തന്നെ കണ്ണമംഗലം ജി.എം.യു.പി സ്കൂളും വാടകക്കെട്ടിടത്തിൽ തന്നെ. ഈ ഒറ്റക്കാരണത്താൽ ഈ സ്കൂളിന് ലാബ്, ലൈബ്രറി, സ്മാർട് റൂം സൗകര്യങ്ങളൊരുക്കാൻ സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കുള്ള സർക്കാർ ഗ്രാന്റ് ഒരിക്കലും തികയാറില്ലെന്നും സ്വന്തം നിലക്ക് പണം ചെലവാക്കിയാണ് പലപ്പോഴും സ്കൂളിലെ അത്യാവശ്യം മെയിന്റനൻസ് നടത്താറുള്ളതെന്നും കെട്ടിടയുടമ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.