ശ്രവണ വെല്ലുവിളിയുള്ളവർ പഠിക്കും; ഇനി സ്വന്തം പുസ്തകങ്ങളിലൂടെ
text_fieldsശ്രവണ വെല്ലുവിളിയുള്ള വിദ്യാർഥികൾക്കായി സർക്കാർ പുറത്തിറക്കിയ പുതിയ പുസ്തകങ്ങളും കവർ രൂപകൽപന ചെയ്ത പി. നുഹ്മാനും
കൽപറ്റ: കേൾവിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കായുള്ള സംസ്ഥാനത്തെ സവിശേഷ വിദ്യാലയങ്ങളിൽ ഇനി പ്രത്യേക പാഠപുസ്തകങ്ങൾ. ഇത്തരം വിദ്യാലയങ്ങളിലെ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലായി 12 പുതിയ പാഠപുസ്തകങ്ങൾ പുറത്തിറങ്ങി.
നിലവിൽ ഇത്തരം വിദ്യാർഥികളും പൊതുസ്കൂളുകളിലെ പാഠപുസ്തകങ്ങൾ തന്നെയാണ് പഠിക്കുന്നത്. ഇതാദ്യമായാണ് കേൾവി പരിമിതിയുള്ളവർക്ക് മാത്രമായി പ്രത്യേക പുസ്തകങ്ങൾ സർക്കാർ പുറത്തിറക്കുന്നത്.
സവിശേഷ വിദ്യാലയങ്ങളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യവുമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) റിസർച് ഓഫിസർ ഡോ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പുതിയ പുസ്തകങ്ങൾ രൂപകൽപന ചെയ്തത്.
പരിസരപഠനം, ഇംഗ്ലീഷ്, കേരളപാഠാവലി, ഗണിതം (മൂന്നാംക്ലാസ്), പ്രവർത്തന പുസ്തകം, ഗണിതം പ്രവർത്തന പുസ്തകം, ഗണിതം, ഇംഗ്ലീഷ്, കേരള പാഠാവലി (രണ്ടാം ക്ലാസ്), ആക്ടിവിറ്റി ബുക്ക്, ഗണിതം കുന്നിമണി, കുഞ്ഞുമലയാളം പ്രവർത്തനപുസ്തകം (ഒന്നാംക്ലാസ്) എന്നിവയാണ് പുതിയ പുസ്തകങ്ങൾ. തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.
ഇതിൽ രണ്ടിലെയും മൂന്നിലെയും ഗണിതം, കേരള പാഠാവലി, പ്രവർത്തന പുസ്തകം, ഒന്നിലെ കുന്നിമണി, കുഞ്ഞുമലയാളം എന്നീ എട്ടു പുസ്തകങ്ങളുടെയും കവർ രൂപകൽപന ചെയ്തത് വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ സ്പെഷൽ സ്കൂൾ അധ്യാപകനും പിണങ്ങോട് സ്വദേശിയുമായ പി. നുഹ്മാനാണ്.
കേൾവി വെല്ലുവിളിയുള്ള കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിലെ പുസ്തകങ്ങളിലൂടെയുള്ള പഠനം ഏറെ വിഷമകരമായിരുന്നു. വിശദീകരിച്ചുള്ള പഠനരീതിക്ക് പകരം ദൃശ്യങ്ങളാലും ചിത്രങ്ങളാലുമുള്ള പഠനരീതിയാണ് ഇവർക്ക് എളുപ്പം. ഇതനുസരിച്ച് പ്രത്യേക വിദ്യാലയങ്ങളിലെയും പൊതുവിദ്യാലയങ്ങളിലെയും പരിചയസമ്പന്നരും വിദഗ്ധരുമായ അധ്യാപകരുടെ നേതൃത്വത്തിലാണ് പുതിയ പുസ്തകങ്ങൾ തയാറാക്കിയത്.
നാലാംക്ലാസ് മുതലുള്ള പുസ്തകങ്ങളും പ്രത്യേകമായി പുറത്തിറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കേൾവി പരിമിതിയുള്ളവർക്കായി 32 സ്കൂളുകളാണ് പ്രത്യേക പാഠ്യപദ്ധതിയിലൂടെ പ്രവർത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.