കുടുംബത്തെ മറയാക്കി കുഴൽപണ കടത്ത്; 80 ലക്ഷം പിടികൂടി
text_fieldsചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള കുടുംബത്തെ മറയാക്കി തമിഴ്നാട്ടിൽനിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 79.8 ലക്ഷം രൂപയും 5 മില്ലി ഗ്രാം സ്വർണവും പിടികൂടി. ആലപ്പുഴ ചേർത്തല പാണാവല്ലി സൂര്യാമൃതം വീട്ടിൽ ജെ.കെ. മനോജ് (47), 20 വയസ്സുകാരനായ മകൻ, 14 വയസ്സുകാരിയായ മകൾ, മനോജിന്റെ സഹോദരീപുത്രൻ ആലപ്പുഴ ന്യൂ ബസാർ ലായത്ത് പറമ്പ് രേവതിയിൽ രാംകുമാർ (35) എന്നിവരാണ് പിടിയിലായത്.
രേഖകളില്ലാതെ പണം കടത്തുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കൊഴിഞ്ഞാമ്പാറ അത്തിക്കോട്ടിൽ നടത്തിയ പരിശോധനക്കിടെയാണ് കാറിൽനിന്ന് പണവും സ്വർണവും പിടികൂടിയത്. തെറ്റിദ്ധരിപ്പിക്കാൻ പൊലീസ് വേഷമാണ് മനോജ് ധരിച്ചിരുന്നത്. മുമ്പും മനോജ് ഇത്തരത്തിൽ ഒട്ടേറെ തവണ പണം കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ചിറ്റൂർ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എ.ആർ. അരുൺകുമാർ, മീനാക്ഷിപുരം എസ്.ഐ കെ. ഷിജു, കൊഴിഞ്ഞാമ്പാറ എ.എസ്.ഐ വി. മാർട്ടിന ഗ്രേസി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി. ഹരിദാസ്, എൻ. ശരവണൻ, ജില്ല ലഹരിവിരുദ്ധ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.