‘‘എന്നും രാവിലെ എഴുന്നേൽക്കും വ്യായാമത്തിനല്ല, എഴുതാൻ വേണ്ടി”; റസ്കിൻ ബോണ്ടിന്റെ എഴുത്ത് ജീവിതം
text_fields‘‘ഞാനൊരു മടിയനാണ്. എന്നും രാവിലെ എഴുന്നേൽക്കുന്നത് വ്യായാമം ചെയ്യാനല്ല, എഴുതാനാണ്. ഈ തൊണ്ണൂറ്റൊന്നാം വയസ്സിൽ ഏറെദൂരം നടക്കാനാകില്ല എനിക്ക്. എന്നാലും ചെറു നടത്തമൊക്കെ ആസ്വദിക്കാറുണ്ട്. പഴയ കാർ പോലെ ശരീരം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. എങ്കിലും ഞാൻ ജീവിതത്തോട് നന്ദിയുള്ളവനാണ്. അറുപതു വയസ്സുവരെ ജീവിക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടമായി കരുതിയിരുന്നു ചെറുപ്പത്തിൽ. അതുകൊണ്ടു തന്നെ, ഈ 91ാം വയസ്സിൽ ഈ ജീവിതം ഒരു ബോണസാണ്’’-ഇന്ത്യൻ ജീവിതത്തെ അത്രമേൽ മനസ്സിലാവാഹിച്ച് അക്ഷരങ്ങളാക്കിയ റസ്കിൻ ബോണ്ട് പറയുന്നു.
ദ റൂം ഓൺ ദ റൂഫ്, ദ ബ്ലൂ അംബ്രല്ല, റസ്റ്റി, ബോയ് ഫ്രം ദ ഹിൽസ്, എ ഫ്ലൈറ്റ് ഓഫ് പീജിയൻസ് എന്നു തുടങ്ങി ഒട്ടേറെ കൃതികളിലൂടെ ഏഴു പതിറ്റാണ്ടിനുമേലായി തലമുറകളെ വായിപ്പിച്ചുകൊണ്ടിരിക്കുന്ന ബോണ്ട് തന്റെ തൊണ്ണൂറുകളിലും സജീവമാണ്. ഉത്തരാഖണ്ഡിലെ മസ്സൂറിക്കടുത്ത് ലാൻഡൗറിലെ ഐവി കോട്ടേജ് എന്ന വീട്ടിലാണ് 1980 മുതൽ അദ്ദേഹം താമസിച്ചുവരുന്നത്.
പത്മഭൂഷൺ മുതൽ സാഹിത്യ അക്കാദമി പുരസ്കാരം വരെ നൽകി രാജ്യം ആദരിച്ച റസ്കിൻ ബോണ്ട്, ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്റെ മകനായി 1934 മേയ് 19നാണ് ജനിച്ചത്. ചെറുപ്രായത്തിൽ മൈലുകളോളം നടന്നും മലകയറിയും നഗരങ്ങളിൽ ചുറ്റിയടിച്ചുമെല്ലാം ജീവിതങ്ങൾ അടുത്തറിഞ്ഞിരുന്നുവെന്നും അങ്ങനെയാണ് തന്റെ കഥകളെല്ലാം രൂപപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ തന്റെ ജീവിതചര്യയും ‘ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.
‘‘ഏഴു മണിക്കോ എട്ടു മണിക്കോ എന്റെ ദിവസം ആരംഭിക്കും. കുറച്ചു പേജുകൾ എഴുതും. അൽപ നേരം വെയിലുകൊള്ളും. പ്രകൃതിയും മരങ്ങളും പൂക്കളും കിളികളുമാണ് എന്റെ ദൈനംദിന സന്തോഷങ്ങൾ’’-ബോണ്ട് പറയുന്നു.
പുസ്തകങ്ങൾ ഇപ്പോഴും എപ്പോഴും കൂടയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘‘എന്നും ഞാൻ വായിക്കും, പക്ഷേ മൂക്കിനടുത്തോളം അടുപ്പിച്ചുവെച്ചാണെന്നു മാത്രം. നാലു പത്രങ്ങളും വായിക്കും. പത്രങ്ങൾ വൈകുന്നത് എന്നെ ദേഷ്യം പിടിപ്പിക്കും.’’
മധുരം പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞുകൊണ്ടിരിക്കും. എങ്കിലും ഐസ്ക്രീം, ലഡു, ജിലേബി, ബർഫി എന്നിവയെല്ലാം ഇഷ്ടമാണ്. ചിലപ്പോഴൊക്കെ ഇവ കഴിക്കാറുമുണ്ട്. ഇത്തരം ചെറിയ ചില ആശകളില്ലെങ്കിൽ ജീവിതം വിരസമായിപ്പോകുമെന്നും എഴുത്തുകാരൻ പറയുന്നു.
കഥ പറച്ചിലിന്റെ രീതികൾ പോഡ്കാസ്റ്റും ഓഡിയോബുക്ക് ആയും രൂപമാറ്റം സംഭവിച്ചതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന്, ഇതൊരു പരിണാമ പ്രക്രിയ ആണെന്നും മനുഷ്യർ കഥ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാലത്തോളം താൻ ഹാപ്പിയാണെന്നും ബോണ്ട് വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.