യാതനകളെ അതിജീവിച്ച് അഷ്റഫും കുടുംബവും ആശ്വാസതീരമണഞ്ഞു
text_fieldsഅഷ്റഫിനെയും കുടുംബത്തെയും പി.എൽ.സി പ്രവർത്തകർ വിമാനത്താവളത്തിൽ യാത്രയാക്കുന്നു
മനാമ: 18 വർഷത്തെ കൂരിരുട്ട് നിറഞ്ഞ പ്രവാസയാതനക്ക് വിരാമമായി കണ്ണൂരുകാരനായ അഷ്റഫും കുടുംബവും ആശ്വാസതീരമണഞ്ഞു. നിയമപരമല്ലാത്ത പ്രവാസജീവിതവും സ്കൂളിന്‍റെ പടവുകൾ കയറാത്ത കുട്ടികളുടെ ദുരിതവും അഷ്റഫിന്‍റെ കുടുംബം കഴിഞ്ഞ വർഷങ്ങളായി അനുഭവിക്കുകയായിരുന്നു. ഒരേസമയം രോഗത്തോടും നിയമക്കുരുക്കുകളോടും ഒരു പിതാവ് നടത്തിയ നിശ്ശബ്ദ പോരാട്ടത്തിന്‍റെ കഥ കൂടിയാണ് ഇവരുടെ ഇന്നലെകൾ. 2007ൽ എല്ലാ പ്രവാസികളെയുംപോലെ പ്രതീക്ഷയോടെ ബഹ്റൈനിലെത്തിയതായിരുന്നു അഷ്റഫ്.
ബുദൈയ്യയിൽ ഒരു കോൾഡ് സ്റ്റോറിലായിരുന്നു ആദ്യ ജോലി. സാഹചര്യം മെച്ചപ്പെട്ടപ്പോൾ ഭാര്യയെയും മൂത്തമകളെയും അഷ്റഫ് ഇവിടെയെത്തിച്ചു. അന്ന് ഇളയ മകൾ ജനിച്ചിരുന്നില്ല. പിന്നീട് ദുരവസ്ഥ അഷ്റഫിനെയും കുടുംബത്തിനും പ്രഹരമാകുകയായിരുന്നു. പിന്നീടുള്ള ജീവിതം സഹനകാലങ്ങളെ അഭിമുഖീകരിക്കലായിരുന്നു.
2013ൽ ഭാര്യയുടെയും 2012ൽ മൂത്തമകളായ റിഫ ഷെറിന്റെയും വിസ കാലാവധി തീർന്നതോടെ നിയമക്കുരുക്കിലായി. അക്കാലത്താണ് ഇളയ മകൾ ബഹ്റൈനിൽ ജനിച്ചത്. സാമ്പത്തികനില അത്ര ഭദ്രമല്ലാതിരുന്ന സാഹചര്യത്തിൽ ഹോസ്പിറ്റലിലെ ബിൽ പോലും നൽകാനായിരുന്നില്ല. അതിനാൽ മകൾക്ക് ജനനസർട്ടിഫിക്കറ്റ് ഹോസ്പിറ്റൽ നൽകിയില്ല. പാസ്‌പോർട്ടോ സി.പി.ആറോ ജനന സർട്ടിഫിക്കറ്റോ നേടാൻ സാധിച്ചതുമില്ല. റിഫയിലെ ചെറിയ മുറിയിലായിരുന്നു താമസം.
ചെറുകിട ജോലികൾ ചെയ്ത് കുടുംബം പുലർത്തിയ അഷ്റഫിന് പിന്നീട് അശനിപാതം പോലെ വൃക്കരോഗം പിടിപെട്ടു. ശേഷം ജീവിതം ദുരിതക്കയത്തിലായി. ഈ സാഹചര്യത്തിൽ മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ അഷ്റഫിനായില്ല. ഇന്നുവരെ നാടണയാനോ ബന്ധുക്കളെ കാണാനോ കഴിഞ്ഞില്ല. നിയമവിരുദ്ധമായി ചില ജോലികൾ ചെയ്ത് അഷ്റഫ് കുടുംബം പുലർത്തിയിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചതോടെ അതിനും സാധിക്കാതെയായി.
സൽമാനിയയിൽ ചികിത്സയിൽ കഴിയുന്ന അഷ്റഫിന്റെ അവസ്ഥ പ്രവാസി ലീഗൽ സെൽ എക്സിക്യൂട്ടിവ് മെംബർ ഫൈസൽ പട്ടാണ്ടിയാണ് കണ്ടെത്തുന്നത്. അഷ്റഫിന്‍റെ അവസ്ഥ മനസ്സിലാക്കിയ ഫൈസൽ പ്രവാസി ലീഗൽ പ്രസിഡന്‍റ് സുധീർ തിരുനിലത്തിനെ അറിയിച്ചു. തുടർന്ന് പ്രതീക്ഷയുടെ കരങ്ങളുമായി പ്രവാസി ലീഗൽ സെൽ അഷ്റഫിനെയും കുടുംബത്തെയും ഏറ്റെടുത്തു.
പി.എൽ.സിയുടെ നേതൃത്വത്തിൽതന്നെ അദ്ദേഹത്തിന് കത്തീറ്റർ ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസിന്റെ പിന്തുണയോടെ ഡയാലിസിസ് ചികിത്സ കുറഞ്ഞ ചെലവിൽ നൽകിത്തുടങ്ങി. ഇതോടൊപ്പം മരുന്നുകൾ, ഭക്ഷണം, വാടക തുടങ്ങിയവയുടെ ചെലവും പി.എൽ.സി ഏറ്റെടുത്തു.
ഇളയകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേസ് ഫയൽ ചെയ്ത അഡ്വ. താരിഖ് അലോണിന് പവർ ഓഫ് അറ്റോർണി നൽകാൻ പി.എൽ.സി ആവശ്യമായ കാര്യങ്ങൾ ക്രമീകരിച്ചു. മകൾ ജനിച്ച ജിദ്ദാഫസിലെ ആശുപത്രിയിലെ കുടിശ്ശിക തീർക്കുകയും പാർലമെന്റ് എം.പി ഹസൻ ഈദ് ബുഖമ്മാസിന്റെ പിന്തുണയോടെ സി.ഐ.ഒയിലെ നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഒടുവിൽ, കോടതി ഇളയമകളുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. ഇതിനിടെ ഭാര്യയുടെയും മൂത്തമകളുടെയും ഔട്ട് പാസുകൾ ഇന്ത്യൻ എംബസി വഴി ലഭ്യമാക്കി.
16 വർഷത്തെ കുടിശ്ശികയായ എമിഗ്രേഷൻ പിഴകളും പി.എൽ.സിയുടെ ഇടപെടലിലൂടെ പരിഹരിച്ചു. തുടർന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ ഫസ്റ്റ് സെക്രട്ടറി രവി ജെയിൻ, സെക്കൻഡ് സെക്രട്ടറി രവി സിങ് എന്നിവരുടെ പിന്തുണയോടെ ഇന്ത്യൻ എംബസി അഷ്റഫിനും കുടുംബത്തിനും ആശ്വാസ തീരമണയാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ടിക്കറ്റുകൾ നൽകുകയായിരുന്നു.
നാട്ടിലെത്തി മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്നുമാത്രമാണ് നിറകണ്ണുകളോടെ അഷ്റഫ് പി.എൽ.സി പ്രവർത്തകരോട് അറിയിച്ചിരുന്നത്. മകളുടെ ജനനസർട്ടിഫിക്കറ്റ് നേടാനാകാതിരുന്നതാണ് പ്രധാന നിയമക്കുരുക്കായത്. പ്രതീക്ഷയറ്റ കാലത്തെ പഴിക്കാൻ അഷ്റഫും കുടുംബവും തയാറല്ലായിരുന്നു. ദുരവസ്ഥകളെ മറികടന്ന അവർ എത്തിച്ചേർന്നത് കാത്തിരുന്ന ജീവിതയാഥാർഥ്യത്തിലേക്കാണ്. വീടോ മറ്റോ സ്വന്തമായില്ലാത്ത അവർ ചെന്നുകയറിയത് തറവാട്ടിലേക്കാണ്. ഇനി അവർക്ക് സ്വന്തമായൊരു തണലൊരുക്കണം, അഷ്റഫിന് തുടർചികിത്സ നടത്തണം, കുട്ടികളെ പഠിപ്പിക്കണം... ആഗ്രഹസഫലീകരണത്തിന് പുണ്യകരങ്ങളോ മാർഗങ്ങളോ തേടിയെത്തുമെന്ന വിശ്വാസത്തോടെ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.