ഗാന്ധിയൻ ചിന്തകൾക്ക് ഇന്നും പ്രസക്തി -ഡോ. ശോഭന രാധാകൃഷ്ണൻ
text_fieldsമസ്കത്ത്: ലോകം മുഴുവനും സാങ്കേതിക വൈഭവത്തിൽ വളർന്നു അതിന്റെ ഉച്ചസ്ഥായിൽ എത്തിയിട്ടും സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പരക്കം പായുന്ന ഈ കാലഘട്ടത്തിലും മഹാത്മാ ഗാന്ധിയുടെ ജീവിത മൂല്യങ്ങൾക്കും രീതികൾക്കും ഏറെ പ്രസക്തിയുണ്ടെന്ന് കേന്ദ്ര സർക്കാറിനു കീഴിലുള്ള മിനിസ്ട്രി ഓഫ് കൾച്ചറിന്റെ അഡ്വൈസർ ഡോ. ശോഭന രാധാകൃഷ്ണൻ.
ഇന്റർനാഷനൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മസ്കകത്ത് സി.ബി.ഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർധിച്ചു വരുന്ന അസമാധാനവും അക്രമവും കൂട്ടക്കുരുതിയും ആണ്. ഈ അവസരത്തിൽ ലോകത്തിൽ ഗാന്ധിയൻ മൂല്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കേണ്ടത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് അധ്യക്ഷത വഹിച്ച വൈസ് ചെയർമാൻ ഡോ. സജി ഉതുപ്പാൻ പറഞ്ഞു. ജനറൽ സെക്രട്ടറി നിയാസ് ചെണ്ടയാട് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വൈസർ അഡ്വ. കെ.എം. പ്രസാദ് അതിഥിയെ പരിചയപ്പെടുത്തി. അഡ്വൈസർ പുരുഷോത്തമൻ നായർ ശോഭനക്ക് ഉപഹാരം നൽകി. റോയൽ ഒമാൻ പൊലീസ് റിട്ട. ഉദ്യോഗസ്ഥൻ സൈദ് സുലൈമാൻ അൽ ബലൂഷി, ഒ.ഐ.സി.സി -ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കര പിള്ള, ഒ.ഐ.സി.സി പ്രസിഡന്റ് സജി ഔസേപ്പ് എന്നിവർ സംസാരിച്ചു. മേരി ആവാസ് സുനോ വിജയിയും സിനിമ ഗായകനുമായ പ്രദീപ് സുന്ദരത്തിന്റ ഗാനങ്ങൾ ചടങ്ങിനു കൊഴുപ്പേകി. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ പങ്കെടുത്ത സെമിനാർ സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി. വിവിധ രാഷ്ട്രീയ, സാമൂഹിക, മത നേതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബിനീഷ് മുരളി സ്വാഗതവും ട്രഷറർ സജി ചങ്ങനാശേരി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.