തിരുവനന്തപുരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം; നിരവധി പേർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കുപിന്നാലെ തലസ്ഥാനത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. വ്യാഴാഴ്ച വഞ്ചിയൂര്‍ കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനത്തെിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്ത അഭിഭാഷകര്‍ നടത്തിയ കല്ളേറില്‍ പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും ചാനല്‍ കാമറകള്‍ക്കും കേടുപറ്റി.
സാരമായി പരിക്കേറ്റ ‘ജീവന്‍ ടി.വി’ റിപ്പോര്‍ട്ടര്‍ അനിലാല്‍, ‘കേരള കൗമുദി’ റിപ്പോര്‍ട്ടര്‍ പി. രജീവ്, ‘ന്യൂസ് 18’ റിപ്പോര്‍ട്ടര്‍ രഞ്ജിത്ത് അമ്പാടി, ‘മാതൃഭൂമി ന്യൂസ്’ സീനിയര്‍ കാമറമാന്‍ ബിജു, ‘മീഡിയവണ്‍’ ഡ്രൈവര്‍ നിഷാന്ത് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയുടെ പ്രധാനകവാടം പൂട്ടിയ അഭിഭാഷകര്‍ നടത്തിയ കല്ളേറ് മണിക്കൂറുകള്‍ നീണ്ടതോടെ കോടതിപരിസരം യുദ്ധക്കളമായി. അപ്പോഴെല്ലാം പൊലീസ് നിഷ്ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മധ്യസ്ഥതക്കത്തെിയിട്ടും അഭിഭാഷകര്‍ അനുരഞ്ജനത്തിന് തയാറാകാതെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കാത്തപക്ഷം പിരിഞ്ഞുപോകില്ളെന്ന നിലപാടെടുത്ത മാധ്യമപ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ പ്രശ്നം സങ്കീര്‍ണമായി. വൈകീട്ട് 6.30ഓടെ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി ജില്ലാജഡ്ജി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. അക്രമികളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കമീഷണര്‍ നല്‍കിയ ഉറപ്പ്.
വ്യാഴാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ‘നാലാംലിംഗ’ക്കാര്‍ക്ക് പ്രവേശമില്ളെന്ന നോട്ടീസ് മീഡിയ റൂമിന് പുറത്ത് പതിപ്പിച്ച അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അകത്ത് പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് അശ്ളീലവര്‍ഷത്തോടെ ആട്ടിപ്പായിക്കുകയും ചെയ്തു. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ചാനല്‍ വാഹനത്തിലും നോട്ടീസ് പതിച്ചു. ഉച്ചയോടെ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലത്തെി.
ഇവരില്‍ ചിലര്‍ മീഡിയ റൂമിലെ നോട്ടീസ് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ അഭിഭാഷകര്‍ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. ഇതിനിടെ ചില മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്തു. തുടര്‍ന്ന് കോടതിവളപ്പില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്തേക്കോടിച്ചു. കോടതി ഗേറ്റടച്ച അഭിഭാഷകര്‍ പ്രകോപനമൊന്നും ഇല്ലാതിരുന്നിട്ടും കല്ലും ബിയര്‍ കുപ്പികളും വലിച്ചെറിയുകയായിരുന്നു.
ഇതിനിടെ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍മാരായ വഞ്ചിയൂര്‍ ബാബു, ബിനു ഐ.പി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഭിഭാഷകര്‍ കല്ളേറ് തുടര്‍ന്നതോടെ പ്രദേശവാസികളും യൂനിയന്‍കാരും അഭിഭാഷകര്‍ക്കുനേരെ തിരിഞ്ഞു. ഡി.സി.പി ശിവവിക്രമിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെിയെങ്കിലും ഒരുനടപടിയും കൈക്കൊണ്ടില്ല. അക്രമികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടാതെ പിന്മാറില്ളെന്ന നിലപാടുമായി പത്രപ്രവര്‍ത്തക യൂനിയന്‍െറ നേതൃത്വത്തിലുള്ള സംഘം റോഡില്‍ കുത്തിയിരുന്നു. കമീഷണര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രംഗം ശാന്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.