ബാബു ഭരദ്വാജ് അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ഇവിടെ കഴിയുകയായിരുന്നു.
ശവഘോഷയാത്ര, പഞ്ചകല്യാണി, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പപ്പറ്റ് തിയേറ്റര്‍ തുടങ്ങിയ കൃതികളുടെ രചയിതാവായ ബാബു ഭരദ്വാജ് മലയാളത്തിലെ പ്രവാസി എഴുത്തുകളിലൂടെയും ശ്രദ്ധ നേടി. പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍ തുടങ്ങിയവയാണ് ഈയിനത്തിലെ പ്രധാന രചനകള്‍. 2006ല്‍ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2001ല്‍ അബൂദബി ശക്തി അവാര്‍ഡും യൂത്ത് ഇന്ത്യ സാഹിത്യ പുരസ്കാരവും നേടി.
രവീന്ദ്രൻ സംവിധാനം ചെയ്ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എന്ന സിനിമയുടെ നിർമാതാവാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ...’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.
1948ല്‍ തൃശൂർ ജില്ലയിലെ മതിലകത്ത് എം.ആര്‍. വിജയരാഘവന്‍െറയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്, തൃശൂർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. എന്‍ജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറിയാണ്.
‘ചിന്ത’യിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്മെന്‍റിലും പ്രവര്‍ത്തിച്ചു. കുറെക്കാലം പ്രവാസജീവിതവും നയിച്ചു. ചിന്ത വീക്കിലി എഡിറ്റര്‍ കൈരളി ചാനലിന്‍െറ ക്രിയേറ്റിവ് എക്സിക്യൂട്ടിവ് ആയും മീഡിയവണ്‍ ചാനലിന്‍െറ പ്രോഗ്രാം മേധാവിയായും സേവനമനുഷ്ഠിച്ചു. നിലവില്‍ ഡൂള്‍ ന്യൂസ് ചീഫ് എഡിറ്ററായിരുന്നു.
ഭാര്യ: പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.