‘ഇന്ത്യക്ക് പരിചയമില്ലാത്ത ഒരു സ്ത്രീയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്നാണ് ഗവർണർ പറയുന്നത്’
text_fieldsഇരിങ്ങാലക്കുട: കേരള ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്ഭവൻ ഗവർണറുടെ തറവാട്ടുസ്വത്തല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഗവർണർക്കെതിരെ ബിനോയ് വിശ്വം ആഞ്ഞടിച്ചത്.
രാജ്ഭവൻ ഗവർണറുടെ ഔദ്യോഗിക വസതി മാത്രമാണ്. ഇന്ത്യക്ക് പരിചയമില്ലാത്ത ഒരു സ്ത്രീയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന് ഗവർണർ പറയുന്നു. സിംഹപ്പുറത്തിരിക്കുന്ന ആർ.എസ്.എസ് സ്ത്രീ ഭാരതാംബയല്ല. ഗവർണർ തലമറന്ന് എണ്ണ തേക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാജ്യത്തിന്റെ നിർണായക പോരാട്ടങ്ങളിൽ ബി.ജെ.പി ഒരു കാണി പോലും ആയിട്ടില്ല. മതേതരത്വം വേണ്ടെന്നാണ് ദത്താത്രേയ ഹൊസബളെമാർ പറയുന്നത്. ബി.ജെ.പിക്ക് ഇടതുപക്ഷത്തോട് പകയാണ്. അതിനാലാണ് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. കോൺഗ്രസിന് ബി.ജെ.പിയുമായി ചങ്ങാത്തമുണ്ട്. ബി.ജെ.പി-ആർ.എസ്.എസിന്റെ ഇസ്‍ലാം പതിപ്പായ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. ആ രാഷ്ട്രീയത്തെ കേരളം പൊറുക്കാൻ പോകുന്നില്ല.
കോൺഗ്രസ് ബൂർഷ്വാ പാർട്ടിയാണ്. ബി.ജെ.പിയുടെ സ്ലീപ്പിങ് സെൽ കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച വിഷപ്പാമ്പുകൾക്കെതിരെ കോൺഗ്രസ് നടപടിയെടുത്തില്ല. ആ വഞ്ചനയുടെയും കാപട്യത്തിന്റെയും മുദ്രകൾ ഇപ്പോഴും കോൺഗ്രസിലുണ്ട്.
പക്ഷേ, അപ്പോഴും മുഖ്യശത്രു തീവ്രഹിന്ദുത്വ പാർട്ടിയായ ബി.ജെ.പിയും ആർ.എസ്.എസുമാണ്. അതിനെ തടുക്കാനാണ് ‘ഇൻഡ്യ’ സഖ്യം രൂപവത്കരിച്ചത്. അതിനെ പ്രയോജനപ്പെടുത്താൻ കോൺഗ്രസിനായില്ല എന്ന് തെളിഞ്ഞു. രാഷ്ട്രീയശേഷിയെ കോൺഗ്രസ് റദ്ദാക്കിക്കളഞ്ഞു. തീവ്ര വലതുപക്ഷത്തിന്റെ കൈയിൽ രാജ്യം പെട്ടുപോകാതിരിക്കാൻ ഇടതുപക്ഷം ഇന്ദിര ഗാന്ധിയെ പിന്തുണച്ചിട്ടുണ്ട്. ആ രാഷ്ട്രീയമാണ് ഇൻഡ്യ സഖ്യത്തിലേക്ക് എത്തിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.