നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
text_fieldsകോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.
ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.
യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ പിന്നീട് വഴിമുട്ടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.