മൊബൈലും ബൾബും ബാറ്ററിയും വലിച്ചെറിയേണ്ട; പിടിവീഴും
text_fieldsപാലക്കാട്: പഴയ മൊബൈലും ലാപ്ടോപ്പും ബൾബും ബാറ്ററിയുമൊക്കെ അലക്ഷ്യമായി പൊതുനിരത്തിലിട്ടാൽ ഇനി പിടിവീഴും. 2022ലെ ഇ-വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ പ്രകാരം പൊതു സ്ഥലങ്ങളിൽ ഇ-മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങുകയാണ് തദ്ദേശവകുപ്പ്. വീടുകളിലെ ഇ-മാലിന്യം എടുക്കാൻ ഹരിതകർമസേനാംഗങ്ങളെത്തും. പുനഃചംക്രമണയോഗ്യമായ ഇ-മാലിന്യം, ആപത്കരമായ ഇ-മാലിന്യം എന്നിങ്ങനെ തരംതിരിച്ചുള്ളവ അവർ വീടുകളിലെത്തി ഏറ്റെടുക്കും. വീണ്ടും ഉപയോഗസാധ്യതയുള്ളവക്ക് നിശ്ചിത തുക നൽകിയാണ് ഏറ്റെടുക്കുക.
ജൂലൈ 15 മുതൽ എല്ലാ നഗരസഭകളിലും കോർപറേഷനുകളിലും ഇ-മാലിന്യശേഖരണം നടത്താൻ തദ്ദേശ സെക്രട്ടറിമാർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഹരിതകർമസേന ശേഖരിക്കുന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുക്കുക. പുനരുപയോഗ സാധ്യതയുള്ള മാലിന്യത്തിന് അവർ ഹരിത കർമസേനക്ക് നിശ്ചിത തുക കൈമാറും. ആപത്കര ഇ-മാലിന്യ വിഭാഗത്തിൽപെടുന്നവ സംസ്കരിക്കാനുള്ള തുക തദ്ദേശവകുപ്പ് ക്ലീൻ കേരള കമ്പനിക്ക് നൽകേണ്ടിവരും.
പുനഃചംക്രമണസാധ്യമായ ഇ-മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേന മാലിന്യം കൈകാര്യംചെയ്യുന്ന ഏജൻസിയുമായി കരാർ ഉണ്ടാക്കണം. ആപത്കരമായ ഇ-മാലിന്യം ശേഖരിക്കുന്നവർ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കെ.ഇ.ഐ.എൽ) കരാറിലേർപ്പെടണം. കരാറിൽ ഏർപ്പെടാതെ ഇ-മാലിന്യം ശേഖരിക്കുന്നത് അനുവദനീയമല്ല. വീടുകളിലെത്തി ആക്രി ശേഖരിക്കുന്നവർക്ക് ഇനി മുതൽ ഇ-മാലിന്യം ശേഖരിക്കാനാവില്ല.
നിലവിൽ ആപത്കര ഇ-മാലിന്യം ഉൾപ്പെടെ ഇ-മാലിന്യം അനധികൃത ശേഖരണ കച്ചവടക്കാർക്ക് നാട്ടുകാർ കൈമാറുകയാണ് പതിവ്. ട്യൂബ് ലൈറ്റ്, പിക്ചർ ട്യൂബ് തുടങ്ങിയവ ജലസ്രോതസ്സുകളിലേക്ക് വലിച്ചെറിയുന്ന പ്രവണത ആരോഗ്യഭീഷണിയും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇ-മാലിന്യ സംസ്കരണം കർശനമാക്കുന്നത്. ഹരിതകർമസേന വർഷം രണ്ടു തവണ ഇ-മാലിന്യം ശേഖരിക്കുന്നുണ്ട്. ഇനി ഇത് നിശ്ചിത ഇടവേളകളിൽ കർശനമായി നടത്തേണ്ടിവരും.
പുനഃചംക്രമണസാധ്യതയുള്ള ഇ-മാലിന്യം ശേഖരിക്കുമ്പോൾ വീടുകളിൽ കൊടുക്കാനുള്ള തുക മുൻകൂറായി തദ്ദേശസ്ഥാപനങ്ങൾ ഹരിതകർമസേനക്ക് നൽകാൻ നടപടിയെടുക്കണമെന്നും തദ്ദേശവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-മാലിന്യം ഏതൊക്കെ എന്നത് സംബന്ധിച്ച് വീടുകളിൽ ബോധവത്കരണം നടത്തേണ്ട ചുമതല കുടുംബശ്രീകൾക്ക് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.