Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉഷ്ണതരംഗ സാധ്യത:...

ഉഷ്ണതരംഗ സാധ്യത: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; അവധിക്കാല ക്ലാസുകൾക്കും നിയന്ത്രണം

text_fields
bookmark_border
ഉഷ്ണതരംഗ സാധ്യത: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; അവധിക്കാല ക്ലാസുകൾക്കും നിയന്ത്രണം
cancel

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മെയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിർദേശം നൽകിയത്.

സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചക്കുശേഷം മൂന്നുവരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകി. വിവിധ ജില്ലകളിലെ സാഹചര്യം ജില്ല കലക്ടർമാർ വിശദീകരിച്ചു.

രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യ തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.

ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ രാവിലെ 11 മുതൽ‌ വൈകീട്ട് മൂന്നു വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.

ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം. വേനൽ മഴ ശക്തമാകുന്നതിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം.

പൊതു ഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കൊതുക് നിർമ്മാർജനം വ്യാപകമായി നടത്തണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ശ്രദ്ധിക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുമ്പായി പൂർത്തീകരിക്കണം.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണം. ആപദ്മിത്ര, സിവിൽ ഡിഫൻസ്, തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം. എലിപ്പനി, ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat wave
News Summary - Heat wave: Instruction to close educational institutions in the state
Next Story