കേന്ദ്ര സർക്കാരിൽനിന്ന് പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് കെ.എൻ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: കേരളത്തിന് കേന്ദ്ര സർക്കാരിൽനിന്ന് പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന് അർഹതപ്പെട്ട നികുതി വിഹിതത്തിൽ നവംബറിലെ ഗഡുവാണ് അനുവദിച്ചതെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന് നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കായി പങ്കു വയ്‌ക്കുന്നത്.
പതിനഞ്ചാം ധനകാര്യ കമീഷൻ തീർപ്പ് അനുസരിച്ച് നിലവിൽ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നുള്ളൂ. ഇതിന്റെതന്നെ 1.925 ശതമാനമാണ് കേരളത്തിന് അനുവദിക്കുന്നത്. കേരളത്തിനകത്തുനിന്ന് അടക്കം കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽനിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ട തുകയാണിത്. മാസ ഗഢുക്കളായി അനുവദിക്കുന്ന തുക എല്ലാ മാസവും പത്താം തിയതിയാണ് കേന്ദ്രം വിതരണം ചെയ്യുന്നത്.
ഇത്തവണ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മൂന്നുദിവസം മുമ്പെ തുക അനുവദിച്ചുവെന്നുമാത്രം. അത് സംസ്ഥാനം പ്രതീക്ഷിച്ച തുകയിൽനിന്നും കുറവാണ്. അതിനെയാണ് കേന്ദ്രം പ്രത്യേക സഹായം അനുവദിച്ചു എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.