കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കുന്നില്ല
text_fieldsകാളികാവ്: കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കാത്തത് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ വലക്കുന്നു. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല വള്ളിപ്പൂളയിലെ കുടുംബങ്ങളാണ് കൈവശ ഭൂമി നഷ്ടപ്പെടുമോ എന്നാശങ്കയിൽ കഴിയുന്നത്. പട്ടയം ഉൾപ്പെടെ പ്രമാണങ്ങളുള്ള ഭൂമി 2000 വരെ ഭൂവുടമകൾ നികുതി അടച്ച് പോന്നതാണ്. റീ സർവേയിൽ വനഭൂമിയുടെ ഗണത്തിൽ ഉൾപ്പെടുത്തിയതാണ് കൈവശക്കാർക്ക് തിരിച്ചടിയായത്.
25 വർഷമായി ഭൂമി തിരിച്ചു കിട്ടാൻ കുടി കിടപ്പുകാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. 11 കുടുംബങ്ങളുടെ കൈവശം 1.75 ഏക്കർ ഭൂമി മാത്രാമാണുള്ളത്. ഇതിനെതിരെ കുടികിടപ്പുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇവരുടെ നികുതി സ്വീകരിക്കണമെന്ന് ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായി. എന്നാൽ വില്ലേജ് ഭൂ രജിസ്റ്ററിലും വനം വകുപ്പിന്റെ രേഖകളിലും ഈ ഭൂമി വന ഭൂമിയായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് വിശദീകരണം.
ഈ ഭൂമിക്ക് തണ്ടപ്പേരും ലഭ്യമല്ല.ആയതിനാൽ ഇക്കാര്യം കാണിച്ച് ചോക്കാട് വില്ലേജ് ഓഫീസർ ബി.സി ബിജു ഹൈക്കോടതിക്ക് മറുപടി നൽകിയിട്ടുണ്ട്. കുടികിടപ്പുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു, വനം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവെ നടത്തി ഭൂമി തരം തിരിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. സംയുക്ത സർവേയിയിലും സ്വകാര്യ ഭൂമി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വള്ളിപ്പൂളയിൽ 11 കുടുംബങ്ങളുടെ കൈവശമുള്ള ഭൂമി വനഭൂമിയിലായിട്ടാണ് സംയുക്ത സർവേയിലും കണ്ടെത്തിയതെന്നാണ് അധികൃതർ പറയുന്നത്.
വന ഭൂമിയിൽ ഉൾപ്പെടുത്തിയതോടെ ഭൂമിക്ക് 25 വർഷമായിട്ട് നികുതി സ്വീകരിക്കുന്നില്ല.നികുതി അടക്കാത്ത ഭൂമിക്ക് സർക്കാരിൽനിന്ന് ഒരു ആനുകൂല്യം പോലും ലഭിക്കാത്ത പ്രയാസവുമുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ വീടുകളുടെ അറ്റകുറ്റപണി നടത്താൻ പോലും കഴിഞ്ഞിട്ടില്ല. ബാങ്ക് വായ്പകളും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
വന ഭൂമിയിൽ ഉൾപ്പെടുത്തിയ ഈ ഭൂമിയുടെ നാല് കിലോമീറ്റർ മുകളിൽ വാഹനം പോലും എത്തിപ്പെടാത്ത സ്ഥലത്ത് നികുതി സ്വീകരിക്കുന്ന സ്വകാര്യഭൂമിയുണ്ട്. ഐക്കര സാജൻ, ചുണ്ടിയൻ മൂച്ചി അബുട്ടി, പുത്തൻപുരക്കൽ എൽസി, തടിയൻ മുഹമ്മദ്, പുലത്ത് ഹംസ, കുട്ടശ്ശേരി അയ്യപ്പൻ, വെള്ളില മൂസ മൗലവി, പറമ്പത്ത് ഹസൈനാർ, നെമ്മിനിപ്പുറത്ത് ആയിശക്കുട്ടി, ചാലുവള്ളി നഫീസ, ചേപ്പൂരാൻ ഉമ്മർ എന്നിവർ വീട് വെച്ച് താമസിക്കുന്ന സ്ഥലമാണ് വന ഭൂമിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭൂമി സർക്കാർ പതിച്ചു നൽകണം
സംയുക്ത സർവേയിൽ കൈവശ ഭൂമി കണ്ടെത്താൻ കഴിയാത്തതിനാൽ സ്ഥലം തിരിച്ചു കിട്ടാനുള്ള സാധ്യത ഇല്ലാതെയായിരിക്കുകയാണ്. റീ സർവേക്ക് മുമ്പുള്ള പ്രമാണങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കാനിടയില്ല.
വനഭൂമി പതിച്ചു കൊടുക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചാൽ മാത്രമേ കൈവശക്കാർക്ക് ഭൂമി തിരിച്ച് ലഭിക്കാനുള്ള സാധ്യതയുള്ളു എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നു വില്ലേജ് ഓഫിസർ വനം വകുപ്പിന് ഉത്തരവിന്റെ പകർപ്പ് സഹിതം വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. വനം വകുപ്പ് നിലപാട് തിരുത്തിയാൽ മാത്രമേ ഇനി ഇവിടെയുള്ള കുടുംബങ്ങൾക്ക് ഭൂരേഖ ലഭിക്കുകയുള്ളു. അതിന് രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.