വിമാനത്താവള സി.ഇ.ആര് ഫണ്ട് ജില്ല മാറ്റി ചെലവഴിക്കല്‍; കൊണ്ടോട്ടി നഗരസഭ നിയമനടപടികള്‍ സ്വീകരിക്കും
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ കോര്‍പറേറ്റ് എന്‍വയോണ്‍മെന്റല്‍ റെസ്പോണ്സിബിലിറ്റി (സി.ഇ.ആര്) ഫണ്ട് വിമാനത്താവള പരിസര പ്രദേശങ്ങളിലെ അനിവാര്യമായ പദ്ധതികള്‍ക്ക് വിനിയോഗിക്കാതെ കണ്ണൂര്‍ ജില്ലയിലെ പദ്ധതിക്കായി മാറ്റിവെച്ചതിനെതിരെ കൊണ്ടോട്ടി നഗരസഭയും രംഗത്ത്. ചട്ടം ലംഘിച്ച് ഫണ്ട് വകമാറ്റിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
വിമാനത്താവള പരിസരപ്രദേശങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് ആവശ്യമായ വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം ലഭിക്കാത്തതും വികസന പ്രവൃത്തികളുടെ പേരില്‍ വഴിയടഞ്ഞ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
സി.ഇ.ആര് ഫണ്ട് വിനിയോഗത്തില്‍ കൊണ്ടോട്ടി നഗരസഭ പരിധിയിലെ പദ്ധതികള്‍ ഉള്‍പ്പെടുത്താത്തിനെതിരെ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ഫിറോസാണ് പ്രമേയം അവതരിപ്പിച്ചത്.
വിമാനത്താവളത്തില്‍നിന്ന് കുത്തിയൊലിക്കുന്ന മഴവെള്ളവും മാലിന്യവും പരിസര പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ക്കും കുടിവെള്ള സ്രോതസ്സുകള്‍ക്കും കൃഷിയിടങ്ങലിലേക്കും ഒഴുകിയെത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശാസ്ത്രീയ പദ്ധതികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
വിമാനത്താവള വികസനത്തിന് വീടും സ്ഥലവും വിട്ടുനല്‍കിയവര്‍ക്കും പരിസരവാസികള്‍ക്കും ഗതാഗതമാര്‍ഗം ഏര്‍പ്പെടുത്തേണ്ടതുണ്ട്. വികസനംമൂലം അടഞ്ഞ നഗരസഭയുടെ റോഡ് ഉപയോഗിച്ചുകൊണ്ടിരുന്ന സമീപവാസികളും പ്രദേശത്തെ അംഗന്‍വാടിയിലെത്തുന്ന കുരുന്നുകളും വഴിയില്ലാതെ വലയുകയാണ്. ഇല്ലാതായ ക്രോസ് റോഡിന് പകരമായി പുതിയ റോഡ് ഒരുക്കേണ്ടതുണ്ട്.
വാമാനത്താവള റെസ വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി ലോഡുമായി വലിയ ടോറസ്റ്റ് വാഹനങ്ങള്‍ കടന്നുപോകുന്നത് കാരണം നഗരസഭയിലെ പല റോഡുകളും തകര്‍ച്ചയിലാണ്. ഇത്ര വലിയ പ്രശ്നങ്ങള്‍ പരിസരത്ത് നിലനില്‍ക്കെയാണ് മാര്ഗനിർദേശത്തിന് വിരുദ്ധമായി സി.ഇ.ആര് ഫണ്ട് കണ്ണൂരിലേക്ക് കടത്തുന്നതെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ചട്ട ലംഘനവുമായി അധികൃതര്‍ മുന്നോട്ടുപോകുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത് പ്രതിഷേധിക്കാന്‍ നഗരസഭാധ്യക്ഷ നിത ഷഹീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
ഉപാധ്യക്ഷന്‍ അഷറഫ് മാടാന്‍, സ്ഥിരംസമിതി അധ്യക്ഷരായ സി. മിനി മോള്, എ. മുഹിയുദ്ദീന് അലി, റംല കൊടവണ്ടി, കൗണ്‍സിലര്‍മാരായ സബിത, സനൂപ്, സി. സുഹൈറുദ്ദീന്‍, റഹ്മത്തുല്ല, അബീന പുതിയറക്കല്‍ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.