പത്താംതരവും പ്ലസ് ടുവും പൂർത്തിയാക്കിയവർക്ക് തുല്യത ഉറപ്പാക്കാൻ ബിരുദപഠനം
text_fieldsആലപ്പുഴ: പത്താംതരവും പ്ലസ് ടുവും തുല്യത പഠനത്തിലൂടെ പൂർത്തിയാക്കിയവർക്ക് സാക്ഷരത മിഷൻ ബിരുദകോഴ്സിന് അവസരമൊരുക്കുന്നു. സംസ്ഥാന സാക്ഷരത മിഷനും ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുമായി ചേർന്നാണ് തുടർപഠനം.
ജില്ല പഞ്ചായത്തിന്റെ ഇടപെടലോടെയാണ് പദ്ധതിക്ക് രൂപം നൽകുന്നത്. നിലവിൽ തുല്യതയിലുള്ള പഠിതാക്കളിൽ ഭൂരിഭാരം പേരും സാധാരണക്കാരാണ്. തൊഴിലിനിടയിലും പഠനം തുടരുന്നതിന് പലരുടെയും സാമ്പത്തികസ്ഥിതി തടസ്സമാകാറുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പുതിയ തുടക്കം.
നിലവിൽ 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരവും 22 വയസ്സ് പൂർത്തിയായവർക്ക് പ്ലസ്ടു തുല്യതയും നേടാം. പഠിക്കാൻ താൽപര്യമുള്ളവർക്കും ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സഹായകരമാകുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ, ഇവരുടെ പ്രായം പലപ്പോഴും ബിരുദം നേടുന്നതിന് തടസ്സമാകാറുണ്ട്. സർവകലാശാലയിൽ ഓൺലൈൻ കോഴ്സ് ഏറെയുള്ളതിനാൽ പോയി പഠിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ചേരാൻ കഴിയുമെന്നതാണ് പ്രത്യേകത. ആർട്സ് വിഷയങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്.
സർവകലാശാലയിലെ ലഭ്യമായ എല്ലാ കോഴ്സുകളിലേക്കും പഠിക്കാൻ അവസരമുണ്ടാകുന്ന വിധത്തിലാണ് ചർച്ച പുരോഗമിക്കുന്നത്. പ്ലസ് ടു തുല്യതക്ക് പഠിക്കുമ്പോൾ തന്നെ സമാന്തരമായി തൊഴിലധിഷ്ഠിത കോഴ്സുകളിൽ ചേർന്ന് പഠിക്കാനുള്ള സാധ്യതയും പരിശോധിക്കും.
ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച സാക്ഷരത മിഷൻ ഡയറക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ശ്രീനാരായണഗുരു ഓപൺ സർവകലാശാല ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കും. പഠനത്തിലൂടെ വരുമാന മാർഗവും ജീവിതാവസ്ഥയും മെച്ചപ്പെടുത്താൻ വഴിയൊരുക്കുകയാണ് ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.