നാട്ടുകാർ പിരിവെടുത്താൽ വികസനം റെഡി!
text_fieldsരായിരമംഗലം ഗവ. ജി.എൽ.പി സ്കൂൾ കെട്ടിടം
സർക്കാർ സ്കൂൾ എന്നാണ് പേര്, എന്നാൽ, സ്കൂളിന്റെ ഓട് മാറ്റൽ മുതൽ ശൗചാലയ നിർമാണത്തിന് വരെ നാട്ടുകാർ പിരിവെടുക്കണം. ജില്ലക്ക് മാത്രം ബാധകമായ നിയമങ്ങളാണ് ഇത്. സർക്കാറിൽ സമ്മർദം ചെലുത്താനുള്ള മടികൊണ്ട് മലപ്പുറത്തെ ജനപ്രതിനിധികൾ കണ്ടുപിടിക്കുകയും ഭരണകൂടം കീഴ്വഴക്കമാക്കുകയും ചെയ്ത ഈ ‘മലപ്പുറം മോഡൽ’ ഉപായത്തിന്റെ തിക്തഫലം കൂടിയാണ് ജില്ലയിലെ ഈ 32 സർക്കാർ സ്കൂളുകളും വിദ്യാർഥികളും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
വേങ്ങര ഉപജില്ലയിലെ മമ്പുറം ഗവ. എൽ.പി സ്കൂളിന്റെ കെട്ടിടം അങ്ങേയറ്റം ശോച്യാവസ്ഥയിലായിരുന്നു കഴിഞ്ഞ അധ്യയന വർഷം. ഈ വർഷം സ്കൂൾ പ്രവർത്തനം ആരംഭിക്കാൻ പഞ്ചായത്തിന്റെ ഫിറ്റ്നസ് കിട്ടണം. അതിനാകട്ടെ അറ്റകുറ്റപ്പണി നടത്തുകയും വേണം. സർക്കാറും പഞ്ചായത്തും പതിവ് പോലെ കൈമലർത്തി.
കുട്ടികളെ ഓർത്ത് പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവിനിറങ്ങി. രണ്ടര ലക്ഷം രൂപ പിരിച്ചാണ് സ്കൂളിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ജില്ലയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്കൂളുകളുടെയും സ്ഥിതി ഇതാണ്.
‘‘തുല്യാവകാശത്തിന്റെ നിഷേധം’’
‘സാധാരണ പശ്ചാത്തലത്തിൽനിന്നുള്ള കുട്ടികളാണ് സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്നത്. വാടകക്കെട്ടിടത്തിൽ ആയതുകൊണ്ട് മാത്രം ഈ കുട്ടികൾക്ക് മറ്റു പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് കിട്ടുന്ന ഭൂരിഭാഗം സൗകര്യങ്ങളും ലഭിക്കുന്നില്ല. കുട്ടികളെ രണ്ട് തട്ടിലായി കാണുന്ന ഈ സമീപനത്തിന് അടിയന്തര പരിഹാരം വേണം. തുല്യാവകാശത്തിന്റെ ലംഘനമാണത്. പി.ടി.എയുടെ ഉറച്ച പിന്തുണകൊണ്ടാണ് ഞങ്ങളുടെത് ഉൾപ്പടെ പല സ്കൂളുകളും നടന്നുപോകുന്നത്. ജനപ്രതിനിധികളെ ഈ വിഷയത്തിൽ പലതവണ കണ്ടതാണ്. പക്ഷേ, സ്ഥലം കണ്ടെത്തണമെന്നാണ് എല്ലാവരും പറയുന്നത്.’’ - എൻ.കെ. അനിത,(റിട്ട. പ്രധാനാധ്യാപിക മമ്പുറം ജി.എം.എൽ.പി സ്കൂൾ)
പിരിവിട്ട് മുറികളും ലാബും സജ്ജമാക്കി.....എന്നിട്ടോ?
പി.ടി.എ നാട്ടുകാരിൽനിന്ന് പിരിവെടുത്ത് രണ്ട് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സജ്ജമാക്കി. പക്ഷേ, കെട്ടിട നമ്പർ ഇതുവരെ കിട്ടിയിട്ടില്ല. 1929 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനാൽ സ്ഥാപിതമായ താനൂരിലെ ഏറ്റവും പഴക്കമേറിയ സ്കൂളാണ് രായിരമംഗലം ഗവ. ജി.എൽ.പി സ്കൂൾ. മത്സ്യതൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ കൂടുതലായി പഠിക്കുന്ന ഈ സ്കൂൾ മന്ത്രി വി. അബ്ദുറഹ്മാന്റെ മണ്ഡലത്തിലാണ്.
സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമ വ്യവഹാരം തീർപ്പാകാതെ നീണ്ടുപോകുന്നതാണ് ഈ ദുഃസ്ഥിതിക്ക് കാരണം. അറ്റകുറ്റപ്പണികളും അധ്യാപകരും പി.ടി.എയും പിരിവിട്ട് നടത്തുന്ന സാഹചര്യമാണുള്ളത്. സ്ഥലത്തിനായി പി.ടി.എ നിരന്തര പരിശ്രമം നടത്തി വരുന്നുണ്ടെന്ന് പ്രധാനാധ്യാപകൻ ലത്തീഫ് പറഞ്ഞു. ഇതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് കലക്ടർക്ക് വീണ്ടും ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി. അബ്ദുറഹ്മാനെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കണ്ടിരുന്നു. നൂറിലധികം കുട്ടികൾ പഠിക്കുന്ന ചെറിയമുണ്ടം പഞ്ചായത്തിലെ ജി.എം.എൽ.പി.എസ് തലക്കടത്തൂരിന് ആവശ്യമായ സ്ഥലം 30 വർഷത്തേക്ക് 30 ലക്ഷത്തിന് ലീസിന് വാങ്ങാൻ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. 30 വർഷത്തിനുശേഷം വീണ്ടും സ്ഥലം പുതുക്കി നൽകിയില്ലെങ്കിൽ സ്ഥലമുടമകളായ മഹല്ല് കമ്മിറ്റി സർക്കാറിലേക്ക് ഈ തുക തിരിച്ചു നൽകണം എന്ന സാങ്കേതിക നൂലാമാലയാണ് പ്രശനം.
സ്വന്തമായി സ്ഥലം ലഭ്യമാക്കിയാൽ ഒരുകോടി 30 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കാമെന്നാണ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ വി. അബ്ദുറഹ്മാന്റെ ഉറപ്പ്. രണ്ടത്താണി മസ്ജിദ് റഹ്മാനിയ കമ്മിറ്റിയുടെ 35 സെന്റ് സ്ഥലത്താണ് 100 വർഷം പൂർത്തിയാക്കിയ രണ്ടത്താണി ജി.യു.പിഎസ് വാടകക്ക് പ്രവർത്തിക്കുന്നത്.
1925ൽ ഓത്തുപള്ളിയായി ആരംഭിച്ച സ്കൂൾ പിന്നീട് സർക്കാറിലേക്ക് വിട്ടുനിൽക്കുകയായിരുന്നു. സ്ഥല പരിമിതിയാണ് പ്രധാന പ്രശ്നം. 500ലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡ് ഉയർത്തിയതോടെ കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. സ്വന്തമായി സ്ഥലം വാങ്ങാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും താങ്ങാനാവാത്ത തുക ആയതിനാൽ അത് ഉപേക്ഷിച്ചു.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നരിപറമ്പ് ജി.എൽ.പി സ്കൂൾ
1925ൽ സ്ഥാപിതമായ ജി.എൽ.പി സ്കൂൾ വിളയിൽ പറപ്പൂർ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ നാല് വരെ ഏഴ് ഡിവിഷനുകളിലായി 175 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പറപ്പൂർ പള്ളിമുക്ക് വലിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. പി.ടി.എയും ചീക്കോട് പഞ്ചായത്തും സംയുക്തമായി സ്വന്തമായി സ്ഥലം വാങ്ങി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
മലപ്പുറം മേൽമുറി സെൻട്രൽ ജി.എം.എൽ.പി സ്കൂൾ ഒരു മദ്റസയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം മാർച്ചിൽ പരീക്ഷക്കാലത്താണ് വാടകക്ക് പ്രവർത്തിച്ചിരുന്ന അങ്ങേയറ്റം ശോച്യമായ കെട്ടിടത്തിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണ് അപകടമുണ്ടായത്. സ്കൂൾ സമയത്തല്ലാത്തതിനാൽ അപകടം ഒഴിവായി. സ്കൂളിനായി നഗരസഭ വാങ്ങിയ സ്ഥലത്ത് കെട്ടിടം നിർമാണം അന്തിമഘട്ടത്തിലാണ്.
സ്ഥലമായി, അപ്പോഴതാ വില്ലേജ് ഓഫിസറുടെ ഉടക്ക്
98 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് എടപ്പാൾ ഉപജില്ലയിലെ നരിപ്പറമ്പ് ജി.എൽ.പി സ്കൂൾ. 150ഓളം കുട്ടികൾ പഠിച്ചിരുന്ന ഇവിടെ നിലവിൽ അമ്പതിൽ താഴെ കുട്ടികൾമാത്രം. കാലടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ. 1927 ജനുവരി 24ന് ബ്രിട്ടീഷ് ഭരണകാലത്തെ, മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്.
സ്കൂളിന് സ്ഥലം കണ്ടെത്താൻ പലതവണ ശ്രമം നടന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. നിലവിൽ, വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് സമീപത്ത് സ്ഥലം കണ്ടെത്തിയെങ്കിലും ചതുപ്പ് നിലമാണെന്ന് പറഞ്ഞ് വില്ലേജ് ഓഫിസർ അനുമതി നൽകിയില്ല. സ്ഥലം എം.എൽ.എയും പഞ്ചായത്ത് അധികൃതരും ഇടപെട്ട് സ്ഥലം വാങ്ങാൻ മുന്നിട്ടിറങ്ങിയാൽ സ്കൂളിനെ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നാണ് നാട്ടുകാർ പറയുന്നു.
മലബാറിനോട് പൊതുവായും ജില്ലയോട് വിശേഷിച്ചും വികസന കാര്യങ്ങളിൽ സർക്കാറുകൾ പുലർത്തിപ്പോരുന്ന വിവേചനത്തിന്റെ സംസാരിക്കുന്ന തെളിവുകളാണ് വാടകക്കെട്ടിടത്തിൽ കഴിയുന്ന സ്കൂളുകൾ. പ്രതിസന്ധി പരിഹരിക്കുമെന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയതാണ്. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. സ്ഥലം കണ്ടെത്താനുള്ള ബാധ്യത നാട്ടുകാരുടെ തലയിലിടുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ, നാട്ടുകാർക്ക് താങ്ങാവുന്നതിലപ്പുറം തുക പലയിടത്തും സ്ഥലത്തിന് വേണ്ടിവരുന്നു.
വിശേഷിച്ച് നഗരങ്ങളിൽ. ജി.എം.എൽ.പി സ്കൂൾ അരീക്കോട് വെസ്റ്റ് ഒരു ഉദാഹരണം. നഗരത്തിൽ സ്ഥലത്തിന് ഏഴ് ലക്ഷം രൂപ വരെയാണ് വിലയെന്ന് വാർഡ് അംഗം പറയുന്നു. പലയിടങ്ങളിലും തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ സ്ഥലം വാങ്ങാൻ തുക വകയിരുത്തുന്നുണ്ട്. എല്ലാത്തിനും നാട്ടുകാരെ പിഴിയാതെ സർക്കാറും തദ്ദേശ സ്ഥാപനങ്ങളും സ്ഥലം ഏറ്റെടുക്കാൻ ഫണ്ട് അനുവദിക്കുക മാത്രമാണ് ജില്ലയിലെ രണ്ടായിരത്തോളം വിദ്യാർഥികൾ നേരിടുന്ന ഈ ദുരവസ്ഥക്കുള്ള പരിഹാരം.
(അവസാനിച്ചു.)
തയാറാക്കിയത്- ഉമ്മർ നെയ്വാതുക്കൽ, അജ്മൽ അബൂബക്കർ, ഷാഹുൽ തറയിൽ, റഷീദ് കെ. മൊയ്തു, നൗഷാദ് എടവണ്ണപ്പാറ, രജീഷ് കെ. സദാനന്ദൻ, ഹിമേഷ് കാരാട്ടേൽ, സി.വി.ഒ. നാസർ, അനിൽ വളവന്നൂർ,
ഏകോപനം- ഷെബീൻ മെഹബൂബ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.