പരാ‘ദീന’ക്കിടക്കയിൽ ജില്ല ആശുപത്രി
text_fieldsപാലക്കാട് ജില്ല ആശുപത്രി
പാലക്കാട്: ദിനംപ്രതി ആയിരത്തിലധികം രോഗികൾ ചികിത്സ തേടുന്ന പാലക്കാട് ജില്ല ആശുപത്രി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു. ജില്ലയുടെ ദൂരപ്രദേശങ്ങളിൽനിന്നടക്കം സാധാരണക്കാരായ നിരവധി പേരാണ് ഇവിടേക്ക് ചികിത്സ തേടിയെത്തുന്നത്. ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയതോടെ ഓൺലൈനായി ഒ.പി ടിക്കറ്റെടുക്കാനുള്ള സൗകര്യമുണ്ടെങ്കിലും ഇപ്പോഴും ആശുപത്രിയിലെത്തി മണിക്കൂറുകളോളം വരി നിന്ന് ടിക്കറ്റെടുക്കുന്നവർ ഏറെയാണ്.
ജില്ലയിലെ പ്രധാന ചികിത്സ കേന്ദ്രമായ ജില്ല ആശുപത്രിയിൽ 544 പേരെ കിടത്തിചികിത്സിക്കുന്നതിനുള്ള സൗകര്യമാണുണ്ടായിരുന്നത്. എന്നാൽ ആറുനിലകെട്ടിടമൊരുക്കുന്നതിനായി വാർഡുകൾ പൊളിച്ചുതുടങ്ങിയതോടെ കിടത്തിച്ചികിത്സ സൗകര്യം കുറഞ്ഞു. ഒരു കിടക്കയിൽ രണ്ട് രോഗികൾ വരെ കിടക്കുന്ന സ്ഥിതിയുമുണ്ട്.
ഇതിനുപുറമേ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് ആശുപത്രിയിലെത്തുന്നവർക്ക് ദുരിതം തീർക്കുന്നുണ്ട്. ജില്ല ആശുപത്രിയിൽ നിന്നും റഫർ ചെയ്യുന്നവർക്ക് ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിനെയോ കോയമ്പത്തൂരിലെ ആശുപത്രികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അത്യാഹിതവിഭാഗത്തിൽനിന്നടക്കം രോഗികളെ റഫർ ചെയ്യേണ്ട സാഹചര്യമാണ്.
പലപ്പോഴും രാത്രി സമയങ്ങളിൽ അത്യാഹിതവിഭാഗത്തിലെത്തുന്നവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിലെ സ്ഥലപരിമിതിക്ക് പരിഹാരമായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അത്യാഹിതവിഭാഗത്തിന് മാത്രമായി നാലുനിലക്കെട്ടിടവും ഒരുക്കുന്നുണ്ട്. ആവശ്യത്തിന് വീൽച്ചെയറും സ്ട്രച്ചറുമില്ലാത്തതിനാൽ അത്യാഹിതവിഭാഗത്തിൽ ചികിത്സക്കെത്തുന്നവരെ പലപ്പോഴും ഒപ്പമുള്ളവർ എടുത്തുകൊണ്ടുപോകേണ്ട സ്ഥിതിയാണ്. എക്സ്റേയും സ്കാനിങ്ങുമെടുക്കുന്നതിനായും രോഗികളെ ചുമന്നുകൊണ്ട് പോകണമെന്നതും പരിതാപകരമാണ്.
ജില്ല ആശുപത്രിയിലെ 92 ലക്ഷം രൂപ വിലയുള്ള ഡിജിറ്റൽ എക്സ്റേ യന്ത്രം കേടായതുമായി ബന്ധപ്പെട്ട അന്വേഷണവും എവിടെയുമെത്തിയില്ല. 2021ലാണ് ജില്ല ആശുപത്രിയിലേക്ക് സ്വകാര്യ കമ്പനി 92.6 ലക്ഷം രൂപയുടെ ഡിജിറ്റൽ എക്സ്റേ യന്ത്രം സൗജന്യമായി നൽകിയത്. എന്നാൽ പിന്നീട് യന്ത്രം കേടാവുകയായിരുന്നു. ഇതിനെല്ലാം പുറമേ കന്റീൻ സൗകര്യമില്ലാത്തതിനാൽ വാർഡുകളിൽ ചികിത്സക്കുള്ളവർക്ക് ലഘുഭക്ഷണത്തിനും മറ്റുമായി പുറത്തെ കാന്റീനുകളെ ആശ്രയിക്കേണ്ട സ്ഥിതിയുമുണ്ട്.
പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി പഴയ കാന്റീൻ പൊളിച്ചതോടെയാണ് ഈ പ്രതിസന്ധി. നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ വാർഡുകളുടെ പ്രശ്നത്തിന്റെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.