മന്ത്രിയെ വിളിച്ചത് മാധ്യമ പ്രവർത്തക; മാപ്പു പറഞ്ഞ് മംഗളം ചാനൽ
text_fieldsതിരുവനന്തപുരം: രാജിവെച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപിക്കപ്പെടുന്ന അശ്ലീല സംഭാഷണത്തിൽ വിശദീകരണവുമായി മംഗളം ചാനൽ. വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന്‍ സംസാരിച്ചത്. സ്റ്റിങ് ഒാപ്പറേഷനാണ് നടത്തിയതെന്നും തെറ്റ് പറ്റിയതാണെന്നുമാണ് മംഗളം ചാനൽ സി.ഇ.ഒ അജിത് കുമാര്‍ സമ്മതിച്ചത്. എ.കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളത്തിന്‍റെ കുറ്റസമ്മതം.
മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിനായി നിയോഗിച്ചത്. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും തങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തക യൂണിയനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. തിന്മക്കെതിരായ പോരാട്ടം മംഗളം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യം പറയാനിരിക്കുകയായിരുന്നുവെന്നും അജിത്ത് പറഞ്ഞു. അതേസമയം വിവാദ സംഭാഷണം അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.