ഷാജൻ സ്‌കറിയക്കെതിരായ കേസ്, റിപ്പോർട്ട് സമർപ്പിക്കാത്തതിൽ പൊലീസിന് വിമർശനം
text_fieldsകൊച്ചി: യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം.
കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ച ഉത്തരവിലാണ് പൊലീസിനെതിരെ കോടതിയുടെ വിമര്‍ശനം. അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് ഒരു പദ്ധതിയുമില്ല. കേസെടുത്ത് 500 ദിവസമായിട്ടും അന്വേഷണം നടത്തുന്നതില്‍ പാലാരിവട്ടം പൊലീസ് കുറ്റകരമായ കാലതാമസം വരുത്തിയെന്നും എറണാകുളം ജെ.എഫ്.എം.സി കോടതി വിമർശിച്ചു.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. അന്വേഷണത്തിലെ വീഴ്ച ഒഴിവാക്കാനാണ് കോടതി മേൽനോട്ടമെന്നും ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യാന്‍ ഹാജരാകാനായി 2024 ഡിസംബറില്‍ നോട്ടീസ് നൽകുക മാത്രമാണ് പൊലീസ് ആകെ ചെയ്തത്. ഈ നോട്ടീസ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ കൈപ്പറ്റാതെ മടങ്ങി. തുടര്‍ന്ന് നോട്ടീസ് നല്‍കാന്‍ പൊലീസ് തയ്യാറായില്ല. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് ഒരു പദ്ധതിയുമില്ലയെന്നും പൊലീസിന്റെ സമീപനം തുടര്‍ന്നും അനുവദിക്കാനാവില്ലെന്നും മജിസ്‌ട്രേറ്റ് കോടതി വിമർശിച്ചു.
പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി അത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് ഷാജനെതിരായ കേസ്. 2021ലായിരുന്നു സംഭവം. ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി അൻവറാണ് തെളിവുകൾ സഹിതം ഡി.ജി.പിക്ക് പരാതി നൽകിയത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് അൻവറിന്റെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.