വോട്ടർപട്ടിക പുതുക്കുന്നതിൽ സുതാര്യതയില്ല; പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കുന്നതിലടക്കം പല പരിഷ്കാരങ്ങളും സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെതിരെ ബി.ജെ.പി. പട്ടിക പുതുക്കുന്നത് സുതാര്യവും സൗഹൃദപരവുമാക്കി വോട്ടർമാരെ അകറ്റുന്ന നിബന്ധനകൾ ഒഴിവാക്കണം. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കമീഷനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടിക പുതുക്കുന്നത് തടയാൻ ഭരണത്തിലുള്ള സി.പി.എം ശ്രമിക്കുകയാണ്. ഇതിനിടെയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് കമീഷൻ അനന്തമായി നീട്ടുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കണം. വാർഡ് വിഭജനത്തിൽ ഇവരുടെ ഒത്തുകളി എല്ലാവരും കണ്ടതാണ്.
കമീഷനെ മുന്നിൽ നിർത്തി നിഴൽ യുദ്ധം നടത്തുകയാണ് സി.പി.എം. 18 കഴിഞ്ഞവർ മിക്കവരും പലയിടത്തും പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമാണെന്നിരിക്കെ മുഴുവൻ തിരിച്ചറിയൽ രേഖകൾ നൽകിയാലും വ്യക്തിഗത ഹിയറിങിന് നേരിട്ടെത്തണമെന്നുള്ള നിർദേശം പുതിയ കാലത്തിന് ചേർന്നതല്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും തദ്ദേശ ജനപ്രതിനിധികളെ ഉപയോഗിച്ചും ഇക്കാര്യത്തിൽ തങ്ങളുടെ താൽപര്യം സി.പി.എം സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.