നിപ സമ്പർക്കപട്ടികയിലെ സ്ത്രീ മരിച്ചു; മരിച്ചത് പരപ്പനങ്ങാടി സ്വദേശിനി, സംസ്കാരം തടഞ്ഞ് ആരോഗ്യ വകുപ്പ്
text_fieldsപരപ്പനങ്ങാടി: നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന വയോധിക മരിച്ചു. പരപ്പനങ്ങാടിയിലെ പാലശ്ശേരി ബീരാൻകുട്ടിയുടെ ഭാര്യ കെ.വി. ഫാത്തിമ ബീവിയാണ് (78) മരിച്ചത്. ഇവരുടെ നിപ പരിശോധനഫലം നെഗറ്റിവായിരുന്നു.
പരിശോധനഫലം വരുന്നതുവരെ ഖബറടക്ക ചടങ്ങുകൾ നീട്ടിവെക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. ഫലം നെഗറ്റിവ് എന്ന് തെളിഞ്ഞതോടെ ആളുകളുടെ സാന്നിധ്യത്തിൽ ഖബറടക്കം നടന്നു. മക്കൾ: ആയിശ ബീവി, ബീരാൻകോയ, ഷറഫുദ്ദീൻ, നൗഷാദ്, ഷമീം. മരുമക്കൾ: അഷ്റഫ്, സൗജത്ത്, ഫൗസിയ, ഹസീന, മുഹ്സിന.
അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ അഞ്ചു പേരെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് നിലവില്‍ ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിൽ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 142 പേരും നിരീക്ഷണത്തിലാണ്.
ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട് നാലു പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരികയാണ്. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികളുടെ വർധന മുന്നിൽകണ്ട് കൂടുതല്‍ ഐ.സി.യു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.