മണ്ണിനോടും മനുഷ്യരോടും മനംചേർത്ത് അബ്ദുല്ല
text_fieldsഅബ്ദുല്ല വീടിന് മുന്നിലെ നേന്ത്രവാഴത്തോട്ടത്തിനരികിൽ
കയ്പമംഗലം: രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തിന് ശേഷം വിശ്രമ ജീവിതം ഒരേസമയം സമ്മിശ്ര കൃഷിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി സമർപ്പിച്ചിരിക്കുകയാണ് കയ്പമംഗലം സ്വദേശി അബ്ദുല്ല. കൃഷി നേരിൽ കാണാനും ജൈവ പച്ചക്കറികൾ ഉൾപ്പെടെ വാങ്ങാനുമായി നിരവധി പേരാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. കൃഷിയോട് കുട്ടിക്കാലം മുതലേ കൂട്ടുകൂടിയതാണ് അബ്ദുല്ല. മാതാപിതാക്കളായിരുന്നു പ്രചോദനം.
കനോലി കനാലിനോട് ചേർന്ന വിശാലമായ കൃഷിയിടത്തിലായിരുന്നു കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ടു മുമ്പത്തെ സമ്മിശ്ര കൃഷിയുടെ പിറവി. പച്ചക്കറികൾക്ക് പുറമേ, മത്സ്യം, പശു, ആട്, കോഴി തുടങ്ങിയവയെക്കൊണ്ട് സമ്പന്നമായിരുന്നു കൃഷിയിടം. വീട്ടാവശ്യത്തിനാണ് അന്ന് കൃഷി ചെയ്തിരുന്നതെങ്കിലും മികച്ച വിളവ് ലഭിച്ചതോടെ ആവശ്യക്കാരും ഏറെയായി. പ്രീഡിഗ്രിപഠനശേഷം സി.ആർ.പി.എഫിൽ ചേർന്ന ഇദ്ദേഹം നാട്ടിൽ അവധിക്കു വരുമ്പോഴെല്ലാം കർഷകനായി മാറും.
20 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് സമ്മിശ്ര കൃഷിയിൽ സജീവമായത്. കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ തൽപരനായ അബ്ദുല്ല കാർഷിക വിദഗ്ധരുടെ ഉപദേശങ്ങൾക്കനുസരിച്ചാണ് കൃഷി ചെയ്യുന്നത്. കാലാവസ്ഥക്കനുസരിച്ചാണ് കൃഷി രീതികൾ ക്രമീകരിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ ജല സ്രോതസ്സുകളിലെ വൈവിധ്യമാർന്ന മത്സ്യസമ്പത്ത് ആരെയും ആകർഷിക്കും. നാടൻ മത്സ്യങ്ങൾ മുതൽ വിദേശയിനം വരെ മത്സ്യകൃഷിയിൽ ഇടം പിടിച്ചിട്ടുണ്ട്.
നേന്ത്രവാഴ, ജാതി, സങ്കരയിനം പശുക്കൾ, ആടുകൾ, കോഴികൾ അങ്ങിനെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ സമ്മിശ്ര കൃഷിയിടത്തിൽ. ഇതിനിടയിൽ പൊതുപ്രവർത്തന രംഗത്തും സജീവമായ അബ്ദുല്ല കയ്പമംഗലം പഞ്ചായത്തംഗം കൂടിയാണ്. പൊതുപ്രവർത്തനവും കൃഷിയും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്നാണ് അബ്ദുല്ലയുടെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.