ഭീതിയുടെ കൊടുമുടി കടന്ന് ഷെയ്ഖ് ഹസൻ പന്തളത്തെ വീട്ടിൽ
text_fieldsഷെയ്ഖ് ഹസൻ ഖാൻ മാതാവ് ഷാഹിദക്കൊപ്പം
പന്തളം: ഭീതിയുടെ കൊടുമുടി താണ്ടി ഷെയ്ഖ് ഹസൻ ഖാൻ പന്തളത്ത് വീടിന്റെ സുരക്ഷിതത്വത്തിൽ. അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് വീട്ടിലെത്തിയത്. ചക്രവാതച്ചുഴിയിൽപെട്ട് പർവതത്തിൽ കുടുങ്ങിയ ഷെയ്ഖ് ഹസൻ ഖാനെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു.
ദെനാലി കൊടുമുടിയുടെ മുകളിൽ ഇന്ത്യൻ പതാകയും ഇന്ത്യൻ ആർമിക്ക് അഭിവാദ്യമർപ്പിച്ചുള്ള ബാനറും ഉയർത്തിയശേഷം തിരിച്ചുവരുന്ന വഴി ദുർഘടമായ അഞ്ചാമത്തെ ക്യാമ്പിൽ എത്തിയപ്പോഴാണ് ചക്രവാതച്ചുഴിയിൽപെട്ടത്. 17,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിലാണ് ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയതെന്ന് ഷെയ്ഖ് ഹസൻ ഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വടക്കേ അമേരിക്കയിലെ അലാസ്ക മലനിരകളികളിലെ 20,000ത്തിലധികം ഉയരംവരുന്ന ഈ കൊടുമുടി ലോകത്തിലെതന്നെ അപകടംപിടിച്ച കയറ്റങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
കൂടെയുണ്ടായിരുന്ന പർവതാരോഹക തമിഴ്നാട് സ്വദേശിനി മുത്തമിൾ ശെൽവി നാരായണന് ഗുരുതര ആരോഗ്യപ്രശ്നം നേരിട്ടത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അഞ്ചാമത്തെ ക്യാമ്പ് സൈറ്റിൽനിന്ന് നാലിലേക്കുള്ള യാത്ര ഏറെ ആശങ്ക നിറഞ്ഞതായിരുന്നു. രക്ഷാപ്രവർത്തകർക്ക് നാലുവരെയേ എത്താൻ കഴിയുമായിരുന്നുള്ളൂ.
അതിനാൽ, പ്രതിസന്ധികളെ അതിജീവിച്ച് താഴേക്ക് നീങ്ങുകയായിരുന്നു. ഏറെ തളർന്നതിനൊപ്പം രോഗിയായ സഹയാത്രിക, ചുറ്റിയടിക്കുന്ന മഞ്ഞുകാറ്റ് എന്നിവയെ അതിജീവിച്ച് 18 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ക്യാമ്പ് നാലിൽ എത്തിയത്. തുടർന്ന് രക്ഷാപ്രവർത്തകരുടെ സഹായത്തോടെയായിരുന്നു തിരിച്ചിറക്കം. അപകടത്തിൽപെട്ട വിവരമറിഞ്ഞ് പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം ഇടപെട്ടിരുന്നു. ഉന്നത കേന്ദ്രങ്ങളിൽനിന്ന് ഇടപെടൽ ഉണ്ടായപ്പോൾ വി.ഐ.പി പരിഗണന ലഭിച്ചതായി ഷെയ്ഖ് ഹസൻ ഖാൻ പറഞ്ഞു.ദെനാലിയിലേക്കുള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇത്. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവുമുയർന്ന പർവതങ്ങൾ കീഴടക്കിയ മലയാളിയെന്ന നേട്ടത്തിനുടമ കൂടിയാണ് ഷെയ്ഖ് ഹസൻ.
മുത്തമിൾ ശെൽവി നാരായണനൊപ്പം ജൂൺ അഞ്ചിന് ചെന്നൈയിൽ നിന്നായിരുന്നു യാത്ര. ദുബൈ വഴിയാണ് അമേരിക്കയിൽ എത്തിയത്. അപകടത്തിൽപെട്ടപ്പോൾ പലരുമായി ഫോണിൽ ബന്ധപ്പെട്ടു. ആരും ഫോൺ അറ്റൻഡ് ചെയ്തില്ല. ഒടുവിൽ സുഹൃത്തായ മാധ്യമപ്രവർത്തകൻ വഴിയാണ് പുറംലോകം അറിയുന്നത്.
അമേരിക്കയിൽനിന്ന് മടങ്ങിയ ഹസൻ ഒരാഴ്ചയോളം ദുബൈയിൽ തങ്ങി. ഇതിനുശേഷമാണ് പന്തളം പുഴിയ്ക്കാട് കൂട്ടം വെട്ടിയിൽ വീട്ടിലെത്തിയത്. വീണ്ടും 25 മലയാളികളെ ഉൾപ്പെടുത്തി എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തിലാണ് ഷെയ്ഖ് ഹസൻ ഖാൻ. മകൻ വീണ്ടും യാത്രക്കുള്ള ഒരുക്കത്തിലാണെന്നും വിലക്കാനില്ലെന്നും മാതാവ് ഷാഹിദ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫിസറാണ് ഷെയ്ഖ് ഹസൻ ഖാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.