77ാം വയസ്സില്‍ വക്കീലാവാൻ നാരായണന് മാഷ്
text_fieldsപരീക്ഷ ഹാൾ ടിക്കറ്റ് കൈപ്പറ്റിയ ദിവസം സിവിൽ സ്റ്റേഷനിലെ ജില്ല സാക്ഷരത മിഷൻ ഓഫിസിലെത്തി സന്തോഷം പങ്കുവെക്കുന്ന നാരായണൻ
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് 77 കാരനായ നാരായണന് മാഷ്. ഈ പരീക്ഷ പാസായിട്ട് വേണം മാഷിന് വക്കീൽഭാഗം പഠിക്കാൻ. കുറേക്കാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് പണ്ടേയുള്ള മോഹമാണിത്. വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാര്‍ട്ടേഴ്സ് സ്കൂളിൽ ഇന്ന് മുതലാണ് തുല്യതപരീക്ഷ. വിവിധ സ്കൂളുകളില്‍ കായികാധ്യാപകനായിരുന്നു നാരായണൻ. സിവില്‍ സ്റ്റേഷനില്‍ സ്വകാര്യ ആവശ്യത്തിനെത്തിയപ്പോള്‍ സാക്ഷരത മിഷന് ഓഫിസിന് മുന്നില്‍ കണ്ട ബോര്‍ഡാണ് തുല്യത പഠനത്തിന് പ്രേരണയായത്.
കുട്ടിക്കാലം മുതല്‍ കളിയോടുള്ള കൂട്ടാണ് നാരായണനെ കായികാധ്യാപകനാക്കിയത്. പഠിക്കുന്ന കാലത്ത് 100, 200, 400 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ലോങ് ജമ്പ് എന്നിവയിലെല്ലാം സ്കൂളിലെ ജേതാവായിരുന്നെന്നും 1966 ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും അദ്ദേഹം അഭിമാനത്തോടെ ഓര്‍ക്കുന്നു. എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി ഗുരുവായൂരപ്പന് കോളജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് കോഴിക്കോട്ടെ ഫിസിക്കല്‍ എജുക്കേഷന്‍ കോളജില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കി. ആദ്യം പഠിച്ച കോളജില്‍ തന്നെ ഗ്രൗണ്ട് മാര്‍ക്കറായി ജോലിയും ലഭിച്ചു. പിന്നീട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വയനാട് കലക്ടറേറ്റില്‍ ഡ്രൈവറായി നിയമനം ലഭിച്ചു. ഇതിനിടയിലാണ് കായികാധ്യാപകനായി പി.എസ്.സിയുടെ നിയമന ഉത്തരവ് ലഭിക്കുന്നത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മേലങ്ങാടി ഗവ. സ്കൂളിലായിരുന്നു ആദ്യ നിയമനം. അഞ്ച് വര്‍ഷത്തിന് ശേഷം അവധിയെടുത്ത് സൗദി അറേബ്യയില്‍ ഹെവി ഡ്രൈവറുടെ ജോലിക്ക് പോയി. തിരിച്ചെത്തി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്കൂളുകളിലും കോഴിക്കോട്ടെ ടി.ടി.ഐകളിലും കായികാധ്യാപകനായി.
മലയാളത്തിന് പുറമെ ഹിന്ദിയും അറബിയും ഇംഗ്ലീഷും കൈകാര്യം ചെയ്യുന്ന നാരായണന് കായികാധ്യാപകന്റെ വേഷം അഴിച്ചശേഷം ഹോട്ടല്‍ ബിസിനസിലേക്കും ചുവടുവെച്ചു. ഇതിനിടെ സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഏഴ് മാസത്തോളം കിടപ്പിലായെങ്കിലും പഠനം ഉപേക്ഷിക്കാന്‍ തയാറായില്ല. ഇപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് നടത്തം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹെഡ് നഴ്സ് ആയിരുന്ന ഭാര്യ വിജയകുമാരി പഠനകാര്യങ്ങളില്‍ കൂട്ടായുണ്ട്. ജീവിതത്തില്‍ നേരിടേണ്ടിവന്ന കൈപ്പേറിയ അനുഭവങ്ങളാണ് അഭിഭാഷകനാവുകയെന്ന മോഹത്തിലെത്തിച്ചതെന്നും തുല്യതാ പഠനത്തിന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സാക്ഷരതാ മിഷനോട് നന്ദിയുണ്ടെന്നും നാരായണന് മാസ്റ്റര്‍ പറഞ്ഞു. ഏറ്റവും പ്രായം കൂടിയ പഠിതാവായ നാരായണന് മാസ്റ്ററുടെ പഠനത്തിലുള്ള ആവേശവും പ്രയത്നവും സഹപഠിതാക്കള്‍ക്കെല്ലാം ഊര്‍ജം പകരുന്നതാണെന്ന് സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.