പൂക്കോയ തങ്ങളുടെ ഓർമകൾക്ക് അമ്പതാണ്ട്
text_fieldsപി.എം.എസ്.എ പൂക്കോയ തങ്ങൾ
മലപ്പുറം: മലബാറിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിൽ നിർണായക സാന്നിധ്യമായിരുന്ന പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ വേർപാടിന് ഇന്നേക്ക് 50 വർഷം. 1975 ജൂലൈ ആറിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
18ാം നൂറ്റാണ്ടിൽ യമനിലെ ഹദറമൗത്തിൽനിന്ന് മലബാറിലെത്തിയ പ്രവാചക കുടുംബപരമ്പരയിലെ കണ്ണിയായിരുന്നു പി.എം.എസ്.എ. പൂക്കോയ തങ്ങൾ. പൂക്കോയ തങ്ങളുടെ പിതാമഹൻ ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളെ മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ പിന്തുണച്ചതിന്റെ പേരിൽ അധിനിവേശ ഭരണകൂടം ജയിലിലടക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളുടെ മകന് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും പുത്രനായി 1913 ജനുവരി 20ന് പാണക്കാട്ടായിരുന്നു പൂക്കോയ തങ്ങളുടെ ജനനം.
ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളുടെ കാലം മുതലേ പാണക്കാട് തങ്ങൾ കുടുംബത്തിന് മലബാറിലുണ്ടായിരുന്ന സ്വീകാര്യത പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങൾ എന്ന പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ കാലത്ത് പിന്നെയും വിപുലപ്പെട്ടു. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ ആത്മീയ നായകത്വം കൂടി വഹിച്ചുപോന്ന അദ്ദേഹം ഒരേസമയം 80ലധികം പള്ളികളുടെ മേൽഖാദിയായി പ്രവർത്തിച്ചിരുന്നു. മദ്റസ പ്രസ്ഥാനത്തിലൂടെ സമസ്തയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിലും തങ്ങൾ വലിയ പങ്കുവഹിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ മതസ്ഥാപനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു.
1937ൽ മദ്രാസ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് പിന്തുണയുമായി രാഷ്ട്രീയരംഗത്ത് എത്തിയ പൂക്കോയ തങ്ങൾ ആദ്യഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിച്ചു. പിന്നീട് മുസ്ലിം ലീഗിൽ ചേർന്നു. തുടർന്ന് ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. 1948ൽ ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽവാസമനുഷ്ഠിച്ചു.
മലപ്പുറം ജില്ല രൂപവത്കൃതമായ ശേഷം രണ്ടുതവണ ജില്ല മുസ്ലിം ലീഗിന്റെ അധ്യക്ഷപദവിയിലെത്തി. 1973ൽ അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷപദവിയിലെത്തുന്നത്. ആ പദവിയിലിരിക്കെയായിരുന്നു വിയോഗവും. അദ്ദേഹത്തിന് ശേഷം മക്കളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്കും പാർട്ടിയെ നയിക്കാൻ നിയോഗമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.