വ്യോമസേന തലപ്പത്ത് പാലക്കാട് സ്വദേശി
text_fieldsഎസ്. ശിവകുമാർ
പാലക്കാട്: ന്യൂഡൽഹി വ്യോമസേന ആസ്ഥാനത്ത് എയർ ഓഫിസർ ഇൻ-ചാർജ് അഡ്മിനിസ്ട്രേഷനായി ചുമതലയേറ്റ എസ്. ശിവകുമാർ പാലക്കാട് പുത്തൂർ സ്വദേശിയാണ്. വ്യോമസേന ആസ്ഥാനത്ത് ഡയറക്ടർ ജനറൽ (അഡ്മിനിസ്ട്രേഷൻ) ആയിരുന്ന ശിവകുമാർ 1990 ജൂണിലാണ് ഇന്ത്യൻ വ്യോമസേനയുടെ അഡ്മിനിസ്ട്രേഷൻ ബ്രാഞ്ചിൽ കമീഷൻ ചെയ്യപ്പെട്ടത്.
പുത്തൂർ സ്വദേശികളായ സുകുമാരൻ-തങ്കം ദമ്പതികളുടെ മകനാണ്. അച്ഛൻ ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായതിനാൽ തമിഴ്നാട്ടിലായിരുന്നു വിദ്യാഭ്യാസം. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് എച്ച്.ആർ.എമ്മിൽ എം.ബി.എയും ഉസ്മാനിയ സർവകലാശാലയിൽനിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ എം.ഫിലും നേടി.
35 വർഷത്തിലേറെ സേവനപാരമ്പര്യമുള്ള ഇദ്ദേഹം നിരവധി സുപ്രധാന കമാൻഡ്, സ്റ്റാഫ് നിയമനങ്ങൾ വഹിച്ചിട്ടുണ്ട്. ഫോർവേഡ് ബേസിലെ സീനിയർ എയർ ട്രാഫിക് കൺട്രോൾ ഓഫിസർ, കോംഗോയിലെ യു.എൻ മിഷനിൽ വ്യോമസേന പ്രതിനിധി, എയർഫോഴ്സ് എക്സാമിനർ, പ്രധാനപ്പെട്ട ഫ്ലയിങ് സ്റ്റേഷന്റെ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, രണ്ട് ഓപറേഷനൽ കമാൻഡുകളിൽ കമാൻഡ് വർക്സ് ഓഫിസർ, കമാൻഡ് പേഴ്സനൽ സ്റ്റാഫ് ഓഫിസർ, എക്യുപ്മെന്റ് ഡിപ്പോയുടെ എയർ ഓഫിസർ കമാൻഡിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മികച്ച സേവനത്തിന് വിശിഷ്ട സേവാമെഡൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.