പങ്കുവെക്കലിന്റെ നാളുകൾ
text_fieldsമലപ്പുറം നിലമ്പൂർ സ്വദേശിയായ എനിക്ക് റമദാൻ കാലം വലിയൊരനുഭവം തന്നെയായിരുന്നു. വീടിനുചുറ്റും ധാരാളം മുസ്ലിം സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. അവരൊക്കെ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. കുട്ടികളായ ഞങ്ങള്‍ നോമ്പുതുറക്കുന്ന സമയം കാത്തിരിക്കും. അതൊരു ആഘോഷമായിരുന്നു. വളർന്നുവന്നപ്പോഴാണ് നോമ്പിന്റെ ആഴവും അർഥവും മനസ്സിലായത്.
ഇസ്ലാമിക വിശ്വാസപ്രകാരം ഏറ്റവും വിശുദ്ധവും ഭക്തിനിർഭരവുമായ മാസമാണ് റമദാൻ. നിഷ്ഠയോടെയുള്ള പ്രാർഥന, വെള്ളംപോലും കുടിക്കാതെയുള്ള വ്രതം, ഇതെല്ലാം ശരീരത്തിനും മനസ്സിനും ആത്മീയ ഉണർവും ചൈതന്യവും പകർന്നുതരുന്നതാണ്. വിദ്വേഷവും വെറുപ്പുമില്ലാത്ത ഹൃദയവും പാവപ്പെട്ടവരെയും അനാഥരെയും സഹായിക്കാനുള്ള വലിയ മനസ്സും ഞാൻ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
നോമ്പുതുറക്കുമ്പോള്‍ കിട്ടുന്ന നോമ്പുകഞ്ഞിക്കായി ഞാൻ കാത്തിരുന്നതും ഈ സമയം ഓർമയിൽ വരുന്നു. സ്നേഹതീരം കുടുംബാംഗങ്ങള്‍ക്ക് പലപ്പോഴും നോമ്പുകഞ്ഞി ലഭിക്കാറുണ്ടെന്നതും മറ്റൊരു യാഥാർഥ്യം കൂടിയാണ്. സ്നേഹത്തോടെയും സൗഹൃദത്തോടെയും നടത്തുന്ന ദാനധർമങ്ങളിൽ ഭാഗഭാക്കാകാൻ പല സന്ദർഭങ്ങളിലും അവസരം ലഭിച്ചിട്ടുണ്ടെന്നത് എന്നെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവം തന്നെയാണ്.
ദൈവത്തെ കൂടുതൽ സ്നേഹിക്കുന്നതിന്റെ അടയാളമായി, സഹായമർഹിക്കുന്ന സഹോദരങ്ങളിലേക്ക് കടന്നുചെന്ന് തനിക്കുള്ളത് അവർക്കായി പങ്കുവെക്കാനും ഹൃദയത്തെ കളങ്കമറ്റതാക്കാനും അതുവഴി പുണ്യജീവിതം നയിക്കാനും ഈ നോമ്പുകാലത്ത് സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ്. അങ്ങനെ ഓരോ നോമ്പാചരണവും കൂടുതൽ നന്മ ചെയ്ത് വിശുദ്ധ ജീവിതം നയിക്കാൻ എല്ലാവരെയും പ്രാപ്തരാക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.